മുംബൈ : ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. വാങ്കഡെയില്‍ ഉച്ച കഴിഞ്ഞ് 3.30നാണ് മത്സരം. സീസണില്‍ തങ്ങളുടെ 12ാം മത്സരത്തിന് ബാംഗ്ലൂരിറങ്ങുമ്പോള്‍, ഹൈരദാബാദിനിത് 11ാം മത്സരമാണ്.
കളിച്ച 11 മത്സരങ്ങളില്‍ അറ് ജയവുമായി നിലവിലെ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ബാംഗ്ലൂര്‍. പത്തില്‍ അഞ്ച് ജയം നേടിയ ഹൈദരാബാദ് ആറാം സ്ഥാനത്താണ്. ഇതോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇരുസംഘത്തിനുമിത് ജീവന്‍മരണപ്പോരാട്ടമാണ്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ തോല്‍പ്പിച്ചാണ് ഹൈദരാബാദെത്തുന്നത്.
മറുവശത്ത് തുടര്‍ച്ചയായ രണ്ട് തോല്‍വികളുമായാണ് ഹൈദരാബാദിന്‍റെ വരവ്. എന്നാല്‍ സീസണില്‍ ആദ്യ തവണ ഏറ്റുമുട്ടിയപ്പോൾ ബാംഗ്ലൂരിനെ 68 റൺസിന് എറിഞ്ഞിട്ട ആത്മവിശ്വാസം കെയ്‌ന്‍ വില്യംസണിന്‍റെ ഹൈദരാബാദിനുണ്ട്. ഈ നാണക്കേടിന് കൂടി മറുപടി നല്‍കാനാവും ഇന്ന് ഫാഫ് ഡുപ്ലെസിസിന്‍റെ ബാംഗ്ലൂരിറങ്ങുക.
അഭിഷേക് ശർമ, നിക്കോളാസ് പുരാന്‍, രാഹുല്‍ ത്രിപാഠി, എയ്‌ഡന്‍ മാര്‍ക്രം എന്നിവര്‍ ബാറ്റ് കൊണ്ട് മികവ് കാട്ടുമ്പോള്‍ ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണിന്‍റെ മെല്ലെപ്പോക്ക് സംഘത്തിന് തിരിച്ചടിയാണ്. പരിക്കേറ്റ നടരാജനും വാഷിംഗ്‌ടണ്‍ സുന്ദറും തിരിച്ചെത്തിയാല്‍ ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക് എന്നിവരടങ്ങിയ ബൗളിങ് നിരയ്‌ക്ക് മൂര്‍ച്ച കൂടും.
മറുവശത്ത് ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് മികച്ച തുടക്കം നൽകുന്നുണ്ടെങ്കിലും വിരാട് കോലിയുടെ മെല്ലെപ്പോക്ക് ടീമിനെ ബാധിക്കുന്നുണ്ട്. രജത് പടിദാർ, ഗ്ലെൻ മാക്‌സ്‌വെൽ, ദിനേഷ് കാർത്തിക് എന്നിരോടൊപ്പം വനിന്ദു ഹസരങ്ക, ഹർഷൽ പട്ടേൽ, മുഹമ്മദ് സിറാജ്, ജോഷ് ഹേസൽവുഡ് എന്നിവര്‍ തിളങ്ങിയാല്‍ ബാംഗ്ലൂരിനെ പിടിച്ചുകെട്ടുക എളുപ്പമാവില്ല.
also read: IPL 2022 | രാജസ്ഥാന്‍റെ സ്‌റ്റാര്‍ ബാറ്റര്‍ ഷിമ്രോൺ ഹെറ്റ്‌മെയർ നാട്ടിലേക്ക് മടങ്ങി ; കാരണം ഇതാണ്
നേരത്തെ 21 തവണ ഇരു സംഘവും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഹൈദരാബാദിന് മുന്‍ തൂക്കമുണ്ട്. 12 മത്സരങ്ങളില്‍ ഹൈദരാബാദ് ജയിച്ചപ്പോള്‍ എട്ട് മത്സരങ്ങളാണ് ബാംഗ്ലൂരിനൊപ്പം നിന്നത്. ഒരു മത്സരത്തിന് ഫലമുണ്ടായില്ല.