മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 203 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ 2 വിക്കറ്റുകള്‍ മാത്രം നഷ്‌ടപ്പെടുത്തിയാണ് 202 റണ്‍സെടുത്തത്. ഓപ്പണര്‍മാരായ റിതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ചെന്നൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
ആദ്യ വിക്കറ്റില്‍ 182 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് റിതുരാജ്-കോൺവേ സഖ്യം പിരിഞ്ഞത്. 18ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ അര്‍ഹിച്ച സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ റിതുരാജിനെ പുറത്താക്കി നടരാജനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 57 പന്തില്‍ ആറ് വീതം സിക്‌സും ഫോറും സഹിതമാണ് താരം 99 റണ്‍സ് അടിച്ചത്.
തുടര്‍ന്നെത്തിയ ധോണിയേയും (7 പന്തില്‍ 8) നടരാജന്‍ തിരിച്ച് കയറ്റി. 55 പന്തില്‍ 85 റണ്‍സെടുത്ത കോണ്‍വേയും ഒരു പന്തില്‍ ഒരു റണ്‍സുമായി രവീന്ദ്ര ജഡേജയും പുറത്താവാതെ നിന്നു. ഹൈദരാബാദിനായി നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങിയാണ് നടരാജന്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയത്. മറ്റുള്ളവരെല്ലാം തല്ലുവാങ്ങിക്കൂട്ടിയപ്പോള്‍ നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയ ഭുവനേശ്വര്‍ കുമാര്‍ മികച്ച് നിന്നു.
നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണ്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. രവീന്ദ്ര ജഡേജ നായക സ്ഥാനം തിരികെ നല്‍കിയോതോടെ എംഎസ് ധോണിയാണ് ചെന്നൈയെ നയിക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഹൈദരാബാദിറങ്ങിയത്. മറുവശത്ത് ചെന്നൈ രണ്ട് മാറ്റങ്ങള്‍ വരുത്തി. ഡ്വെയ്ൻ ബ്രാവോയും, ശിവം ദുബെയും പുറത്തായപ്പോള്‍ ഡെവൺ കോൺവേയും സിമർജീത് സിങ്ങും ടീമിലിടം പിടിച്ചു.