മുംബൈ: ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്തിനെതിരെ മുന്‍ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ഐപിഎല്ലിലെ വരാനിരിക്കുന്ന മത്സരങ്ങളില്‍ ഡല്‍ഹി ക്യാപ്റ്റന്‍ ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്യണമെന്നാണ് സെവാഗ് പറയുന്നത്. പന്ത് വളരെ സാവധാനമാണ് ബാറ്റ് ചെയ്യുന്നതെന്നും, സ്വതന്ത്രമായി കളിക്കാന്‍ ശ്രമം നടത്തുമ്പോള്‍ വളരെ പെട്ടെന്ന് പുറത്താവുകയാണെന്നും സെവാഗ് വിലയിരുത്തി.
"അതെ, പന്ത് അൽപ്പം ഉത്തരവാദിത്തത്തോടെ കളിക്കണം. പക്ഷേ, അതവന്‍ ചെയ്യുമ്പോൾ, സ്‌ട്രൈക്ക് റേറ്റ് കുറയുന്നു, മറുവശത്ത്, സ്വതന്ത്രമായി കളിക്കുമ്പോൾ, പെട്ടെന്ന് പുറത്താകുന്നു. അവസാന ബോള്‍ വരെ സ്വതന്ത്രമായി കളിക്കാന്‍ അയാൾക്ക് ശരിയായ ബാലൻസ് കണ്ടെത്തേണ്ടതുണ്ട്. പഴയകാലത്തെക്കാള്‍ അയാള്‍ക്ക് ഉത്തവരവാദിത്തങ്ങള്‍ കൂടുതലാണ്. ഒരു ബോളില്‍ ഒരു റണ്‍ എന്ന രീതി പന്തിന് ചേര്‍ന്നതല്ല. ഇത് ടീമിനെ ഒരിടത്തും എത്തിക്കില്ല." സെവാഗ് പറഞ്ഞു.
പലപ്പോഴും ശ്രദ്ധയേടെ കളിക്കാന്‍ പന്ത് ശ്രമം നടത്താറുണ്ടെങ്കിലും സീസണില്‍ ഒരു ഫിഫ്റ്റി പോലും കണ്ടെത്താന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. കളിച്ച ഒമ്പത് മത്സരങ്ങളിൽ നിന്ന് 149.04 സ്‌ട്രൈക്ക് റേറ്റിൽ 234 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. അതേസമയം ടീമിന്‍റെ കോമ്പിനേഷൻ ശരിയായി ക്രമീകരിക്കേണ്ടതുണ്ടെന്നും ശാർദുൽ താക്കൂര്‍, അക്‌സർ പട്ടേല്‍ എന്നിങ്ങനെയുള്ള സ്ഥിരം ബൗളര്‍മാര്‍ എല്ലാ കളിയിലും നാല് ഓവർ എന്ന ക്വാട്ട പൂർത്തിയാക്കുന്നില്ലെന്നും സെവാഗ് ചൂണ്ടിക്കാട്ടി.