മുംബൈ : ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 193 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്‌ടത്തിലാണ് 192 റണ്‍സെടുത്തത്. ക്യാപ്‌റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയാണ് ഗുജറാത്ത് ടോട്ടലിന്‍റെ നെടുന്തൂണ്‍.
52 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും സഹിതം പുറത്താവാതെ 87 റണ്‍സാണ് താരം അടിച്ചെടുത്തത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്തിന് മോശം തുടക്കമായിരുന്നു. മൂന്ന് ഓവറുകള്‍ പിന്നിടുംമുമ്പ് രണ്ട് വിക്കറ്റുകള്‍ സംഘത്തിന് നഷ്‌ടമായിരുന്നു. മാത്യു വെയ്‌ഡ് (6 പന്തില്‍ 12) റണ്ണൗട്ടായി മടങ്ങിയപ്പോള്‍, വിജയ് ശങ്കറിനെ (7 പന്തില്‍ 2) കുല്‍ദീപ് സെന്നിന്‍റെ പന്തില്‍ സഞ്ജു പിടികൂടുകയായിരുന്നു.
തുടര്‍ന്നെത്തിയ ഹര്‍ദിക് പതിയെ റണ്‍ റേറ്റ് ഉയര്‍ത്തുന്നതിനിടെ ഏഴാം ഓവറില്‍ ശുഭ്‌മാന്‍ ഗില്‍ (14 പന്തില്‍ 13) തിരിച്ചുകയറി. പരാഗിന്‍റെ പന്തില്‍ ഹെറ്റ്‌മെയറാണ് ഗില്ലിനെ പിടികൂടിയത്. നാലാം വിക്കറ്റില്‍ ഒന്നിച്ച ഹാര്‍ദിക് - അഭിനവ് മനോഹര്‍ സഖ്യം 86 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. 28 പന്തില്‍ 43 റണ്‍സടിച്ച മനോഹറിനെ ചാഹല്‍ അശ്വിന്‍റെ കൈയിലെത്തിച്ചു.
എന്നാല്‍ പിന്നീടെത്തിയ ഡേവിഡ് മില്ലറോടൊപ്പം ഹര്‍ദിക് ഗുജറാത്തിനെ മികച്ച സ്‌കോറിലേക്ക് നയിച്ചു. 14 പന്തില്‍ പുറത്താവാതെ 31 റണ്‍സാണ് മില്ലറുടെ സമ്പാദ്യം. അഞ്ചാം വിക്കറ്റില്‍ 53 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് മില്ലറും ഹര്‍ദികും ഉയര്‍ത്തിയത്. രാജസ്ഥാനായി കുല്‍ദീപ് സെന്‍, യുസ്‌വേന്ദ്ര ചാഹല്‍, റിയാന്‍ പരാഗ് എന്നിവര്‍ ഒരോ വിക്കറ്റുകള്‍ വീഴ്‌ത്തി.