മുംബൈ : ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഏഴ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കി നിര്‍ത്തി മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്‌ടപ്പെടുത്തിയാണ് ഹൈദരാബാദ് മറികടന്നത്. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന എയ്ഡന്‍ മാര്‍ക്രം (27 പന്തില്‍ 41* റണ്‍സ്), നിക്കോളാസ് പുരാന്‍ (30 പന്തില്‍ 35* റണ്‍സ്) എന്നിവരാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
ഇരുവരും ചേര്‍ന്ന് 75 റണ്‍സാണ് ടീം ടോട്ടലിലേക്ക് ചേര്‍ത്തത്. അഭിഷേക് ശര്‍മ (25 പന്തില്‍ 31), രാഹുല്‍ ത്രിപാഠി (22 പന്തില്‍ 34 റണ്‍സ്) എന്നിവരും തിളങ്ങി. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് (9 പന്തില്‍ 3 റണ്‍സ്) പുറത്തായ മറ്റൊരു താരം.
പഞ്ചാബിനായി രാഹുല്‍ ചഹാര്‍ നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയപ്പോള്‍, കാഗിസോ റബാഡ 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. നേരത്തെ ടോസ് നഷ്‌ടമായി ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബിന് അര്‍ധ സെഞ്ചുറി നേടിയ ലിയാം ലിവിംഗ്സ്റ്റണാണ് രക്ഷകനായത്. 33 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സുകളും സഹിതം 60 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. താരത്തിന് പുറമെ ഷാരൂഖ് ഖാൻ (28 പന്തില്‍ 28) മാത്രമാണ് ഒരല്‍പ്പം പിടിച്ചുനിന്നത്.
ശിഖർ ധവാൻ(8), ജോണി ബെയർസ്റ്റോ (12), പ്രഭ്സിമ്രാൻ സിങ്(14) , ജിതേഷ് ശർമ (11), ഒഡീന്‍ സ്‌മിത്ത്(13) എന്നിവര്‍ മങ്ങിയപ്പോള്‍ നാല് താരങ്ങള്‍ പൂജ്യത്തിന് പുറത്തായി. രാഹുൽ ചാഹർ , വൈഭവ് അറോറ , അർഷ്ദീപ് സിങ് എന്നിവരാണ് പൂജ്യത്തിന് പുറത്തായത്.
also read: തോല്‍വികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, തിരിച്ചുവരവിനായി ശ്രമിക്കും : രോഹിത് ശർമ
കാഗിസോ റബാഡ പുറത്താവാതെ നിന്നു. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാറും ഉമ്രാന്‍ മാലിക്കും മിന്നി. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയ ഭുവി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. ഉമ്രാന്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നാല് വിക്കറ്റ് വീഴ്‌ത്തിയത്.