മുംബൈ : ഐപിഎല്ലിലെ 15ാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിങ്‌സിന് തകര്‍പ്പന്‍ ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 206 റണ്‍സിന്‍റെ കൂറ്റന്‍ വിജയ ലക്ഷ്യം അഞ്ച് വിക്കറ്റുകള്‍ മാത്രം നഷ്‌ടപ്പെടുത്തി ആറ് പന്തുകള്‍ ബാക്കിനില്‍ക്കെയാണ് പഞ്ചാബ് മറികടന്നത്.
ടോപ് ഓര്‍ഡറില്‍ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (24 പന്തില്‍ 32), ശിഖര്‍ ധവാന്‍ (29 പന്തില്‍ 43), ഭാനുക രജപക്‌സ (22 പന്തില്‍ 43) എന്നിവരും വാലറ്റത്ത് ഒഡെയ്ന്‍ സ്‌മിത്തും ( 8 പന്തില്‍ 24*) മിന്നിയതാണ് പഞ്ചാബിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.
ബാംഗ്ലൂര്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് കിങ്സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർമാരായ മായങ്ക് അഗർവാളും ധവാനും പവർപ്ലേയിൽ 63 റണ്‍സാണ് നേടിയത്. എന്നാല്‍ സ്‌കോർ 71ൽ നിൽക്കെ ഹസരംഗ ഡിസിൽവയുടെ പന്തിൽ ഷഹബാസ് അഹമ്മദിന് ക്യാച്ച് നൽകി മായങ്ക് മടങ്ങി.
24 പന്തിൽ 2 വീതം സിക്‌സും ഫോറും സഹിതം 32 റൺസാണ് നേടിയത്. പിന്നാലെ ഒത്തുചേര്‍ന്ന ധവാനും രാജപക്‌സെയും പഞ്ചാബിനെ മനോഹരമായി മുന്നോട്ടുനയിച്ചു. 29 പന്തിൽ 43 റൺസുമായി ധവാൻ പുറത്താവുമ്പോൾ സ്‌കോർ 118. ഹര്‍ഷല്‍ പട്ടേലിന്‍റെ ബോളിൽ അനൂജ് തിവാരിക്ക് പിടികൊടുത്താണ് ധവാൻ മടങ്ങിയത്.
തകർത്തടിച്ച ഭാനുക രാജപക്‌സെ 29 പന്തിൽ 43 റൺസുമായി സിറാജിന്‍റെ പന്തിൽ ഷഹബാസ് അഹമ്മദിന് ക്യാച്ച് നൽകി. നാല് സിക്‌സും 2 ഫോറും സഹിതമാണ് രാജപക്‌സെ 43 റൺസ് നേടിയത്. പിന്നാലെ വന്ന അണ്ടർ 19 താരം രാജ് ബാവ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി.
നന്നായി തുടങ്ങിയെങ്കിലും 10 പന്തില്‍ 19 റണ്‍സടിച്ച ലിയാം ലിവിംഗ്സ്റ്റണ്‍ തിരിച്ചുകയറിയതോടെ ടീം 14.5 ഓവറില്‍ അഞ്ചിന് 165 എന്ന അവസ്ഥയിലേക്ക് വീണു. അകാശ് ദീപിന്‍റെ പന്തില്‍ അനുജ് റാവത്തിന് ക്യാച്ച് നല്‍കിയാണ് താരം തിരിച്ചുകയറിയത്. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച സ്മിത്തും ഷാരുഖ് ഖാനുമാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
ഷാരുഖ് ഖാന്‍ 20 പന്തില്‍ 24* റണ്‍സെടുത്തു. മൂന്ന് സിക്‌സും ഒരു ഫോറുമാണ് സ്‌മിത്ത് അടിച്ചുകൂട്ടിയത്. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും സ്‌മിത്താണ്.
അടിവാങ്ങി അര്‍സിബി ബൗളര്‍മാര്‍ : ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റ് വീഴ്‌ത്തിയെങ്കിലും നാല് ഓവറില്‍ 59 റണ്‍സ് വഴങ്ങി. ആകാശ് ദീപ് മൂന്ന് ഓവറില്‍ 38 റണ്‍സ് വഴങ്ങിയും വാനിന്ദു ഹസരംഗ നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങിയും ഹര്‍ഷല്‍ പട്ടേല്‍ നാല് ഓവറില്‍ 36 റണ്‍സ് വീട്ടുകൊടുത്തും ഓരോ വിക്കറ്റുകള്‍ വീതം നേടി.
ഡുപ്ലെസിക്കരുത്തില്‍ ആര്‍സിബി : നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റുചെയ്യാനിറങ്ങിയ ആര്‍സിബി നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 205 റണ്‍സെടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഡുപ്ലെസിയുടെ പ്രകടനമാണ് സംഘത്തിന് കരുത്തായത്. വിരാട് കോലിയും (29 പന്തില്‍ 41), ദിനേശ് കാര്‍ത്തികും (14 പന്തില്‍ 32) മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരും പുറത്താവാതെ നിന്നു.
ഓപ്പണറായി ഇറങ്ങിയ ഡുപ്ലസി 57 പന്തിൽ മൂന്ന് ഫോറും ഏഴ് പടുകൂറ്റൻ സിക്‌സറുകളും സഹിതം 88 റൺസെടുത്ത് 18ാം ഓവറിലാണ് പുറത്തായത്. അര്‍ഷ്‌ദീപ് സിങ്ങിന്‍റെ പന്തില്‍ ഷാരുഖ് ഖാന് ക്യാച്ച് നല്‍കിയാണ് ഫാഫ് മടങ്ങിയത്. തുടക്കത്തിൽ താളം കണ്ടെത്താൻ വിഷമിച്ച ഡുപ്ലസി ആദ്യ 30 പന്തിൽ നിന്ന് നേടിയത് 17 റൺസ് മാത്രമാണ്. പിന്നീട് ട്രാക്കിലായ നായകൻ അടുത്ത 27 പന്തിൽ നിന്ന് അടിച്ചുകൂട്ടിയത് 71 റൺസാണ്.
അതേസമയം വ്യക്തിഗത സ്‌കോർ ഏഴില്‍ നില്‍ക്കെ ഫാഫിനെ ഷാരുഖ് ഖാന്‍ വിട്ടുകളയുകയും ചെയ്‌തിരുന്നു. ഒഡെയ്ന്‍ സ്‌മിത്തിന്‍റെ ഓവറിലായിരുന്നു സുവര്‍ണാവസരം. ഇതിനിടെ മുന്‍ ക്യാപ്റ്റന്‍ കോലി ഒരറ്റത്ത് തകര്‍പ്പന്‍ ഷോട്ടുകളുമായി കളം പിടിച്ചിരുന്നു. കൂട്ടിന് ദിനേശ് കാര്‍ത്തിക് എത്തിയതോടെ ആര്‍സിബിയുടെ സ്‌കോര്‍ 200 കടന്നു. വെറും 17 പന്തില്‍ ഇരുവരും 37 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
രാഹുല്‍ ചാഹര്‍ നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയും അര്‍ഷ്‌ദീപ് സിങ് 31 റണ്‍സ് വിട്ടുകൊടുത്തുമാണ് ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തിയത്.