മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് അടുത്ത സീസണിലേക്ക് ആരെയും നിലനിർത്തുന്നില്ലെന്ന് റിപ്പോർട്ട്. അടുത്ത മാസം മെഗാലേലം നടക്കാനിരിക്കെയാണ് പൂർണമായും പുതിയ ടീമിനെ കെട്ടിപ്പടുക്കാൻ പഞ്ചാബ് തീരുമാനിച്ചത്. ക്യാപ്റ്റൻ കെഎൽ രാഹുൽ ടീം വിടാൻ തീരുമാനിച്ചതാണ് പഞ്ചാബിന്‍റെ റിട്ടൻഷൻ പദ്ധതികൾ അവതാളത്തിലാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
ഓപ്പണർ മായങ്ക് അഗർവാൾ, ലെഗ് സ്‌പിന്നർ രവി ബിഷ്‌ണോയ്, പേസർ അർഷ്‌ദീപ് സിങ് എന്നിവരെ രാഹുലിനൊപ്പം ടീമിൽ നിലനിർത്തും എന്നായിരുന്നു സൂചനകൾ. എന്നാൽ രാഹുൽ ടീം വിടാൻ തീരുമാനിച്ചത് പഞ്ചാബിന് തിരിച്ചടിയായി. താരങ്ങളെ നിലനിർത്താത്ത സാഹചര്യത്തിൽ ലേലത്തിനെത്തുമ്പോൾ പഞ്ചാബിന് 90 കോടി രൂപ ബഡ്‌ജറ്റ് ഉണ്ടാകും.
അതേസമയം നിലനിർത്തേണ്ട താരങ്ങളെപ്പറ്റി സണ്‍റൈസേഴ്‌സും ആശയക്കുഴപ്പത്തിലാണെന്നാണ് റിപ്പോർട്ട്. ആദ്യ റിട്ടൻഷനായി അഫ്‌ഗാൻ സ്പിന്നർ റാഷിദ് ഖാനെയാണോ, ന്യൂസിലൻഡ് ക്യാപ്‌റ്റൻ കെയ്‌ൻ വില്യംസണെയാണോ തെരഞ്ഞെടുക്കുക എന്നതിലാണ് ടീം പ്രധാനമായും കുഴയുന്നത്. ആദ്യ റിട്ടൻഷനും രണ്ടാം റിട്ടൻഷനും തമ്മിലുള്ള ശമ്പള വ്യത്യാസം 4 കോടി രൂപയാണ്.
ALSO READ: R Ashwin | കലണ്ടര്‍ വര്‍ഷം കൂടുതല്‍ വിക്കറ്റുകള്‍ ; അശ്വിന് വീണ്ടും റെക്കോഡ്
അതേസമയം തന്നെ ആദ്യ റിട്ടൻഷനായി നിലനിർത്തണമെന്ന് റാഷിദ് ടീം മാനേജ്മെന്‍റിനോട് ആവശ്യപ്പെട്ടതായാണ് വിവരം. എന്നാൽ ടീമിന് വില്യംസണെ നിലനിർത്താനാണ് താൽപര്യം. പക്ഷേ ആദ്യ റിട്ടൻഷനായി നിലനിർത്തിയില്ലെങ്കിൽ റാഷിദ് ടീം വിടുമെന്ന സൂചനകളുമുണ്ട്. അതിനാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താൻ ഹൈദരാബാദിന് ഇനിയും സാധിച്ചിട്ടില്ല.