മുംബൈ : ഐപിഎല്ലിന്‍റെ ഉദ്ഘാടന മത്സരത്തിനൊരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്സിന് (സിഎസ്‌കെ) കനത്ത തിരിച്ചടി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ആദ്യ മത്സരത്തില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മൊയിന്‍ അലിക്ക് കളിക്കാനായേക്കില്ല. 8 കോടി രൂപയ്ക്ക് ചെന്നൈ നിലനിർത്തിയ 34കാരനായ അലി ഇതേവരെ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല.
വിസ പ്രശ്‌നങ്ങള്‍ കാരണം താരം യുകെയില്‍ കുടുങ്ങിയിരിക്കുകയാണെന്നാണ് വിവരം. ശനിയാഴ്‌ച നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ കളിക്കാനുള്ള അവസരം ലഭിക്കാൻ താരം ബുധനാഴ്ചയോടെ മുംബൈയിലെത്തേണ്ടതുണ്ട്. തുടര്‍ന്ന് മൂന്ന് ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈന് ശേഷമേ അലിക്ക് ഐപിഎൽ ബയോബബിളില്‍ പ്രവേശിക്കാനാവൂ.
ഇതോടെ, ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ക്ക് ആദ്യ മത്സരം കളിക്കാനുള്ള സാധ്യത വിദൂരമാണെന്ന് സൂപ്പർ കിങ്സ് മാനേജ്‌മെന്‍റും അംഗീകരിക്കുന്നുണ്ട്. അലിയുടെ അഭാവത്തില്‍ ന്യൂസിലാൻഡ് ബാറ്റർ ഡെവൺ കോൺവെയ്‌ക്ക് ഐപിഎൽ അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കും. ടോപ്പ് ഓർഡറിൽ ഋതുരാജ് ഗെയ്‌ക്‌വാദ്, റോബിൻ ഉത്തപ്പ സഖ്യത്തെയാവും ചെന്നൈ പരീക്ഷിക്കുക.
എന്നിരുന്നാലും, നൈറ്റ് റൈഡേഴ്‌സിന്‍റെ ഇടംകൈയ്യൻ ബാറ്റര്‍മാരായ വെങ്കിടേഷ് അയ്യർ, നിതീഷ് റാണ, സുനിൽ നരെയ്ൻ എന്നിവര്‍ക്കെതിരെ അലിയുടെ ഓഫ് സ്പിൻ ബൗളിങ് നഷ്‌ടമാകുന്നത് എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ടീമിന് പ്രയാസമാവും.
also read: IPL 2022 | ഐപിഎല്ലിന് ആരവമുയരുന്നു, 25 ശതമാനം കാണികളെ പ്രവേശിപ്പിക്കും
കഴിഞ്ഞ വർഷം സിഎസ്‌കെ നാലാമത്തെ ഐപിഎൽ കിരീടം നേടുന്നതിൽ പ്രധാന പങ്ക് വഹിച്ച താരമാണ് അലി. 15 ഇന്നിങ്സുകളിൽ നിന്ന് 25.50 ശരാശരിയിലും 137.30 സ്‌ട്രൈക്ക് റേറ്റിലും 357 റൺസാണ് താരം അടിച്ച് കൂട്ടിയത്. 2021ൽ ടീമിന്‍റെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്‌കോററായിരുന്നു അദ്ദേഹം.