മുംബൈ: ഐപിഎല്ലില്‍ ഇന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. വൈകിട്ട് 7.30ന് ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുക. സീസണില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിനാണ് ലഖ്‌നൗവും കൊല്‍ക്കത്തയും ഇറങ്ങുന്നത്.
കളിച്ച 13 മത്സരങ്ങളില്‍ എട്ട് ജയം നേടിയ ലഖ്‌നൗ നിലവിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. മത്സരത്തില്‍ ജയിക്കാനായാല്‍ 16 പോയിന്‍റുള്ള കെഎല്‍ രാഹുലിനും സംഘത്തിനും പ്ലേ ഓഫ് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമാകാന്‍ കഴിയും. മറുവശത്ത് 13 മത്സരങ്ങളില്‍ ആറ് ജയത്തോടെ 12 പോയിന്‍റുള്ള കൊല്‍ക്കത്ത ആറാം സ്ഥാനത്താണ്.
വമ്പന്‍ ജയം നേടിയാല്‍ മാത്രമേ ടീമിന് വിദൂരമായ പ്ലേ ഓഫ് സാധ്യതയൊള്ളു. തുടരെ രണ്ട് തോല്‍വിയുമായാണ് ലഖ്‌നൗ കൊല്‍ക്കത്തയ്‌ക്കെതിരെ ഇറങ്ങുന്നത്. എന്നാല്‍ അവസാന രണ്ട് മത്സരങ്ങളിലും ജയിച്ച് കയറാന്‍ കൊല്‍ക്കത്തയ്‌ക്ക് കഴിഞ്ഞിരുന്നു.
ആരോണ്‍ ഫിഞ്ച്, നായകൻ ശ്രേയസ് അയ്യര്‍, ആന്ദ്രേ റസല്‍, നിതീഷ് റാണ, ഉമേഷ് യാദവ്, ടിം സൗത്തി, സുനില്‍ നരെയ്‌ന്‍ എന്നിവരുടെ പ്രകടനം കൊല്‍ക്കത്തയ്‌ക്ക് നിര്‍ണായകമാവും. മറുവശത്ത് ക്യാപ്‌റ്റന്‍ കെഎൽ രാഹുൽ, ക്വിന്‍റൺ ഡി കോക്ക്, ക്രുണാൽ പാണ്ഡ്യ, ഡീപക് ഹൂഡ, ജേസണ്‍ ഹോൾഡർ, മൊഹസിൽ ഖാൻ, ആവേശ് ഖാൻ, ദുഷ്മന്ത ചമീര എന്നിവരിലാണ് ലഖ്‌നൗവിന്‍റെ പ്രതീക്ഷ.
also read: 'ഹോ.. ക്യാപ്റ്റൻ, നിങ്ങളെപ്പോലെ ഒരാൾ ഇനിയുണ്ടാകില്ല'; ആരാധകന്‍റെ കത്തിന് മറുപടിയുമായി ധോണി
സീസണില്‍ നേരത്തെ നേര്‍ക്ക് നേര്‍ വന്നപ്പോള്‍ 75ന് കൊല്‍ക്കത്തയെ ലഖ്‌നൗ തകര്‍ത്തിരുന്നു. ഈ നാണക്കേടിന് പകരം വീട്ടാന്‍ കൂടിയാവും കൊല്‍ക്കത്തയിറങ്ങുക.