മുംബൈ : ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് 153 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 152 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സഞ്‌ജു സാംസണിന്‍റെ പ്രകടനമാണ് രാജസ്ഥാനെ മാന്യമായ നിലയിലെത്തിച്ചത്.
49 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 54 റണ്‍സാണ് സഞ്‌ജുവിന്‍റെ സമ്പാദ്യം. ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ 13 പന്തില്‍ 27 റണ്‍സെടുത്ത് പുറത്താവാതെ നിന്നപ്പോള്‍ ജോസ് ബട്‌ലര്‍ 25 പന്തില്‍ 22 റണ്‍സെടുത്തു. ദേവ്ദത്ത് പടിക്കല്‍ (5 പന്തില്‍ 2), കരുണ്‍ നായര്‍ (13 പന്തില്‍ 13), റിയാന്‍ പരാഗ് (12 പന്തില്‍ 19) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. അര്‍ അശ്വിനും (5 പന്തില്‍ 6) പുറത്താവാതെ നിന്നു.
കൊല്‍ക്കത്തയ്‌ക്കായി ടിം സൗത്തി നാല് ഓവറില്‍ 46 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഉമേഷ് യാദവ് നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. അനുകൂല്‍ റോയ്, ശിവം മാവി എന്നിവര്‍ക്കും ഓരോ വിക്കറ്റുണ്ട്.
നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് നായകന്‍ ശ്രേയസ് അയ്യര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് സഞ്‌ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാനിറങ്ങിയത്. കരുണ്‍ നായര്‍ ടീമിലെത്തിയപ്പോള്‍ ഡാരിൽ മിച്ചൽ പുറത്തായി.
also read: മികച്ച പരിശീലകയും കടുത്ത വിമർശകയും ഭാര്യയെന്ന് ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍
മറുവശത്ത് രണ്ട് മാറ്റങ്ങളോടെയാണ് കൊല്‍ക്കത്തയെത്തുന്നത്. അനുകുൽ റോയ്, ശിവം മാവി എന്നിവര്‍ ടീമിലിടം നേടിയപ്പോള്‍ വെങ്കിടേഷ് അയ്യർ, ഹർഷിത് റാണ എന്നിവര്‍ക്കാണ് സ്ഥാനം നഷ്‌ടമായത്.