മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 147 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് 146 റണ്‍സെടുത്തത്. കൂട്ടത്തകര്‍ച്ചയ്ക്കിടെ പൊരുതി നിന്ന നിതീഷ് റാണയുടെ പ്രകടനമാണ് കൊല്‍ക്കത്തയ്ക്ക് നിര്‍ണായകമായത്.
34 പന്തില്‍ മൂന്ന് ഫോറും നാല് സിക്സും സഹിതം 57 റണ്‍സാണ് റാണയുടെ സമ്പാദ്യം. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 37 പന്തില്‍ 42 റണ്‍സും, റിങ്കു സിങ് 16 പന്തില്‍ 23 റണ്‍സുമെടുത്തു. മൂന്ന് പേര് പൂജ്യത്തിന് പുറത്തായപ്പോള്‍ മറ്റുള്ളവര്‍ക്ക് രണ്ടക്കം തൊടാനായില്ല.
ആരോൺ ഫിഞ്ച് (7 പന്തില്‍ 3), സുനിൽ നരെയ്ൻ (1 പന്തില്‍ 0), വെങ്കിടേഷ് അയ്യർ (12 പന്തില്‍ 6), ബാബ ഇന്ദ്രജിത്ത് (8 പന്തില്‍ 6), ആന്ദ്രെ റസ്സല്‍ (3 പന്തില്‍ 0) , ടിം സൗത്തി (1 പന്തില്‍ 0) എന്നിവരാണ് തീര്‍ത്തും നിരാശപ്പെടുത്തിയത്. റണ്‍സൊന്നുമെടുക്കാതെ ഉമേഷ് യാദവും ഹർഷിത് റാണയും പുറത്താവാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ കൊല്‍ക്കത്തയെ കുല്‍ദീപ് യാദവാണ് തകര്‍ത്തത്. മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി നിര്‍ണായകമായ നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഡല്‍ഹിക്കായി മുസ്തഫിസുർ റഹ്മാൻ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. മൂന്ന് ഓവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത ചേതന്‍ സക്കറിയയ്ക്ക് ഒരു വിക്കറ്റുണ്ട്.
ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന് റിഷഭ് പന്ത് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ശ്രേയസ് അയ്യര്‍ നയിക്കുന്ന കൊല്ക്കത്തയിറങ്ങിയത്. ആരോൺ ഫിഞ്ച്, ഹർഷിത് റാണ, ബാബ ഇന്ദ്രജിത്ത് എന്നിവരാണ് ആദ്യ ഇലവനിലെത്തിയത്.
മറുവശത്ത് രണ്ട് മാറ്റങ്ങളാണ് ഡല്‍ഹിക്കുള്ളത്. കൊവിഡ് മുക്തനായ മിച്ചൽ മാർഷ് തിരിച്ചെത്തിയപ്പോള്‍ ചേതൻ സക്കറിയയും ടീമില്‍ ഇടം നേടി.