മുംബൈ : ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 116 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് നിശ്ചിത ഓവറില്‍ മുഴുവന്‍ വിക്കറ്റും നഷ്‌ടപ്പെടുത്തിയാണ് 115 റണ്‍സെടുത്തത്. 23 പന്തില്‍ 32 റണ്‍സെടുത്ത ജിതേഷ് ശര്‍മയാണ് പഞ്ചാബിന്‍റെ ടോപ് സ്‌കോറര്‍.
ജിതേഷിന് പുറമെ 15 പന്തില്‍ 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിന് മാത്രമേ ഒരല്‍പം പിടിച്ചുനില്‍ക്കാനായുള്ളൂ. ശിഖർ ധവാൻ (10 പന്തില്‍ 9), ജോണി ബെയർസ്റ്റോ (8 പന്തില്‍ 9), ലിയാം ലിവിംഗ്സ്റ്റൺ (3 പന്തില്‍ 2), ഷാരൂഖ് ഖാൻ(20 പന്തില്‍ 12), കാഗിസോ റബാഡ (6 പന്തില്‍ 2), നഥാൻ എല്ലിസ് (2 പന്തില്‍ 0), രാഹുൽ ചാഹർ (12 പന്തില്‍ 12), അർഷ്ദീപ് സിങ് (17 പന്തില്‍ 9) എന്നിവര്‍ നിരാശപ്പെടുത്തി. വൈഭവ് അറോറ (2) പുറത്താവാതെ നിന്നു.
ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ലളിത് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി. മുസ്തഫിസുർ റഹ്മാൻ ഒരു വിക്കറ്റും നേടി. നേരത്തെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്ത് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് പഞ്ചാബ് ഇറങ്ങിയത്. ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ തിരിച്ചെത്തിയപ്പോള്‍ പ്രഭ്‌സിമ്രാൻ സിങ്ങിന് സ്ഥാനം നഷ്‌ടമായി. നഥാൻ എല്ലിസിന് അവസരം ലഭിച്ചപ്പോള്‍ ഒഡീന്‍ സ്‌മിത്ത് പുറത്തായതാണ് മറ്റൊരു മാറ്റം.
മറുവശത്ത് ഒരു മാറ്റമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് വരുത്തിയത്. കൊവിഡ് ബാധിതനായ മിച്ചല്‍ മാര്‍ഷ് പുറത്തായപ്പോള്‍ സര്‍ഫറാസ് ഖാനാണ് ടീമില്‍ ഇടം നേടിയത്.