മുംബൈ : ഐപിഎല്ലില്‍ നാളെ (ബുധനാഴ്ച- ഏപ്രിൽ 20) നടക്കാനിരിക്കുന്ന ഡൽഹി ക്യാപിറ്റൽസ്-പഞ്ചാബ് കിങ്സ് മത്സരത്തിന്‍റെ വേദി മാറ്റി. ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാമ്പിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പൂനെയില്‍ നടക്കാനിരുന്ന മത്സരം മുംബൈയിലേക്കാണ് മാറ്റിയത്. ഇക്കാര്യം അറിയിച്ച് ബിസിസിഐ വാര്‍ത്ത കുറിപ്പിറക്കിയിട്ടുണ്ട്.
നിലവില്‍ കണ്ടെത്താനാകാത്ത കേസുകളുണ്ടെങ്കില്‍ അടച്ച അന്തരീക്ഷത്തിലുള്ള ദീർഘദൂര ബസ് യാത്രയ്ക്കിടെ അവ പകരാനുള്ള സാഹചര്യം കണക്കിലെടുത്താനാണ് വേദിമാറ്റമെന്ന് ബിസിസിഐ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു. പൂനെയിലെ മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന മത്സരം മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലേക്കാണ് മാറ്റിയത്.
അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷടയ്‌ക്കം അഞ്ച് പേർക്കാണ് തിങ്കളാഴ്‌ച കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മാര്‍ഷിനെക്കൂടാതെ ടീമിലെ സപ്പോര്‍ട്ടിങ് സ്റ്റാഫിനാണ് രോഗബാധയുള്ളത്. നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് മിച്ചര്‍ മാര്‍ഷിന് വൈറസ് ബാധ സ്ഥിരീകരിച്ചത്.
തിങ്കളാഴ്‌ച രാവിലെ നടത്തിയ ആന്‍റിജന്‍ പരിശോധനയില്‍ താരത്തിന് കൊവിഡ് കണ്ടെത്തി. നേരിയ പനിയും ലക്ഷണങ്ങളും പ്രകടിപ്പിച്ച മാര്‍ഷിന് പിന്നാലെ നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനയില്‍ ആദ്യ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ വൈകീട്ടോടെയാണ് മാര്‍ഷടക്കമുള്ളവരുടെ ഫലം പോസിറ്റീവായത്.
മത്സരം നടക്കുമോ? : ടീമുകളില്‍ ഏഴ് ഇന്ത്യന്‍ താരങ്ങളടക്കം 12 പേര്‍ ലഭ്യമാണെങ്കില്‍ മത്സരം മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്നാണ് ഐപിഎല്‍ നിയമം. 12 താരങ്ങള്‍ കളിക്കാന്‍ ആരോഗ്യവാന്‍മാരല്ലെങ്കില്‍ മത്സരത്തിന്‍റെ കാര്യത്തില്‍ ഐപിഎല്‍ ടെക്‌നിക്കല്‍ കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊള്ളും.
also read: IPL 2022 | ഹാട്രിക്കിന് പിന്നാലെ വൈറല്‍ മീം അനുകരിച്ച് ചാഹല്‍
അതേസമയം മത്സരത്തിനായി പൂനെയിലേക്ക് പോകേണ്ട പഞ്ചാബ് കിങ്സ് ടീമും മുംബൈയിൽ തങ്ങുകയും ചൊവ്വാഴ്ച വൈകുന്നേരം പരിശീലനം നടത്താന്‍ തീരുമാനിക്കുകയും ചെയ്‌തിട്ടുണ്ട്.