ഐപിഎല്ലിലേക്ക് തിരിച്ചുവരാൻ താൽപര്യം പ്രകടിപ്പിച്ച് വെസ്‌റ്റ്‌ഇന്‍ഡീസ് ക്രിക്കറ്റര്‍ ക്രിസ് ഗെയ്ൽ. കഴിഞ്ഞ സീസണില്‍ തനിക്ക് അര്‍ഹിച്ച ബഹുമാനം കിട്ടാതെ വന്നതിനാലാണ് ടൂര്‍ണമെന്‍റില്‍ നിന്നും വിട്ടുനിന്നതെന്നും 42കാരനായ ഗെയ്ല്‍ പറഞ്ഞു. വരും സീസണില്‍ കളിക്കാനാഗ്രഹിക്കുന്ന രണ്ട് ടീമുകളുടെ പേരും താരം വെളിപ്പെടുത്തി.
“അടുത്ത വർഷം ഞാൻ തിരിച്ചുവരുന്നു, അവർക്ക് എന്നെ വേണം! ഐപിഎല്ലില്‍ കൊൽക്കത്ത, ആർസിബി, പഞ്ചാബ് എന്നീ ടീമുകളെ ഞാൻ പ്രതിനിധീകരിച്ചിട്ടുണ്ട്. ആർസിബി, പഞ്ചാബ് എന്നീ ടീമുകളിലൊന്നിനൊപ്പം ഒരു കിരീടം നേടാൻ ഞാൻ ആഗ്രഹിക്കുന്നു.
ഐപിഎല്ലില്‍ ഏറെ മികച്ച പ്രകടനം നടത്തിയ ആര്‍സിബിയുമായി എനിക്ക് വലിയ ബന്ധമുണ്ട്. പഞ്ചാബും മികച്ചതായിരുന്നു. കൂടുതല്‍ വെല്ലുവിളികളെ നേരിടാന്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നു. അതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം.
കഴിഞ്ഞ ചില സീസണുകളിലെ ഐപിഎല്‍ അനുഭവം നോക്കുമ്പോള്‍ വേണ്ടവിധമല്ല എന്നെ പരിഗണിച്ചത്. ഐപിഎല്ലിനും ക്രിക്കറ്റിനായും ഇത്രയും ചെയ്തിട്ടും അതിനുള്ള ബഹുമാനം ലഭിക്കുന്നില്ലെങ്കില്‍ വിട്ടുനില്‍ക്കാമെന്ന് തിരുമാനിക്കുകയായിരുന്നു“ - ഗെയ്ല്‍ പറഞ്ഞു.
ഐപിഎല്ലില്‍ 142 മത്സരങ്ങളാണ് ഗെയ്ല്‍ കളിച്ചത്. 39.72 ശരാശരിയില്‍ 148.96 സ്‌ട്രൈക്ക്‌റേറ്റോടെ 4965 റണ്‍സാണ് താരം നേടിയത്. ആറ് സെഞ്ചുറികളും 31 അര്‍ധ സെഞ്ചുറികളുമടക്കമാണ് ഗെയ്‌ലിന്‍റെ പ്രകടനം. ലീഗില്‍ കൂടുതല്‍ സെഞ്ചുറികളും സിക്‌സുകളുമടക്കമുള്ള റെക്കോഡുകള്‍ ഗെയ്‌ലിന് സ്വന്തമാണ്.