കൊല്‍ക്കത്ത: ഐപിഎല്ലിന്‍റെ കലാശപ്പോരില്‍ രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി കന്നി സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സ് കപ്പുയര്‍ത്തിയിരുന്നു. പണക്കൊഴുപ്പിന്‍റെ മാമാങ്കമായ ഐപിഎല്ലിലെ വമ്പന്മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സുമുള്‍പ്പെടെയുള്ള ടീമുകളെ പ്ലേഓഫ് പോലും കാണാൻ അനുവദിക്കാതെയാണ് കന്നിക്കാരായ ഗുജറാത്ത് കിരീടം നേടിയത്.
മുന്‍നിര താരങ്ങളുടെ മോശം പ്രകടനമാണ് കളിക്കളത്തില്‍ ടീമുകളെ വെള്ളം കുടിപ്പിച്ചത്. മെഗാ ലേലത്തില്‍ കോടികള്‍ സ്വന്തമാക്കിയെങ്കിലും, അതിനൊത്ത പ്രകടനം നടത്താത്ത പത്ത് താരങ്ങള്‍ ഇവരാണ്.
രോഹിത് ശര്‍മ: 16 കോടി രൂപയ്‌ക്കാണ് ക്യാപ്റ്റന്‍ കൂടിയായ രോഹിത്തിനെ മുംബൈ നിലനിര്‍ത്തിയത്. സീസണില്‍ തുടര്‍പരാജയങ്ങളേറ്റ് വാങ്ങിയ മുംബൈക്കൊപ്പം മികച്ച പ്രകടനം നടത്തുന്നതില്‍ രോഹിത്തും പരാജയപ്പെട്ടു. 14 മത്സരങ്ങളില്‍ 19.14 ശരാശരിയില്‍ 268 റണ്‍സ് മാത്രമാണ് രോഹിത്തിന്‍റെ സമ്പാദ്യം. സീസണില്‍ ഒരു അര്‍ധ സെഞ്ചുറി പോലും നേടാനാവാത്ത രോഹിത്തിന്‍റെ ഉയര്‍ന്ന സ്‌കോര്‍ 48 റണ്‍സാണ്.
വിരാട് കോലി: 16 കോടി രൂപയ്‌ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയ താരമാണ് കോലി. ഐപിഎല്ലിന്‍റെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡും കോലിയുടെ പേരിലാണ്. എന്നാല്‍ താരത്തിന്‍റെ ഏറ്റവും മോശം സീസണുകളിലൊന്നാണിത്. 16 മത്സരങ്ങളില്‍ 22.73 ശരാശരിയില്‍ 341 റണ്‍സാണ് കോലിക്ക് നേടാനായത്. രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രം നേടിയ താരത്തിന്‍റെ ഉയര്‍ന്ന സ്‌കോര്‍ 73 റണ്‍സാണ്.
രവീന്ദ്ര ജഡേജ: 16 കോടി രൂപയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്കായി ചെന്നൈ സൂപ്പര്‍ കിങ്‌സ് മുടക്കിയത്. സീസണിന്‍റെ തുടക്കത്തില്‍ ചെന്നൈയെ നയിച്ച താരം മോശം പ്രകടനമാണ് നടത്തിയത്. കളിച്ച 10 മത്സരങ്ങളില്‍ 19.33 ശരാശരിയില്‍ 116 റണ്‍സും അഞ്ച് വിക്കറ്റുകളുമാണ് ജഡേജയ്‌ക്ക് നേടാനായത്. 26 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
റിഷഭ് പന്ത്: 16 കോടി രൂപയാണ് ക്യാപ്റ്റന്‍ കൂടിയായ റിഷഭ് പന്തിനായി ഡല്‍ഹി ക്യാപിറ്റല്‍സ് മുടക്കിയത്. 14 മത്സരങ്ങളില്‍ 30.91 ശരാശരിയില്‍ 340 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ഒരു അര്‍ധ സെഞ്ചുറി പോലും കണ്ടെത്താനാവാത്ത പന്തിന്‍റെ ഉയര്‍ന്ന സ്‌കോര്‍ 44 റണ്‍സാണ്.
ഇഷാന്‍ കിഷന്‍: മെഗാ ലേലത്തില്‍ 15.25 കോടി രൂപയ്‌ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയ താരമാണ് ഇഷാന്‍. 2021 സീസണിലെ തകര്‍പ്പന്‍ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇഷാനായി മുംബൈ വന്‍ തുകയെറിഞ്ഞത്. 14 മത്സരങ്ങളില്‍ 32.15 ശരാശരിയില്‍ 418 റണ്‍സ് മാത്രമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് നേടാനായത്. മൂന്ന് അര്‍ധ സെഞ്ചുറികള്‍ മാത്രം കണ്ടെത്തിയ താരത്തിന്‍റെ ഉയര്‍ന്ന സ്‌കോര്‍ 81* റണ്‍സാണ്.
ശ്രേയസ് അയ്യര്‍: ഡല്‍ഹി ക്യാപിറ്റല്‍സ് റിലീസ് ചെയ്‌ത ശ്രേയസിനായി 12.25 കോടി രൂപയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മുടക്കിയത്. ടീമിന്‍റെ നായകന്‍ കൂടിയായ താരം സീസണില്‍ കടുത്ത റണ്‍ വരള്‍ച്ച നേരിട്ടു. ആദ്യ നാല് മത്സരങ്ങളില്‍ വെറും 26 റണ്‍സാണ് ശ്രേയസിന്‍റെ സമ്പാദ്യം.
സീസണില്‍ കളിച്ച 14 മത്സരങ്ങളില്‍ 401 റണ്‍സാണ് താരത്തിന് നേടാനായത്. മൂന്ന് അര്‍ധ സെഞ്ചുറികള്‍ മാത്രം കണ്ടെത്തിയ താരത്തിന്‍റെ ഉയര്‍ന്ന സ്‌കോര്‍ 85 റണ്‍സാണ്. ലെഗ് സ്പിന്നർമാർക്കെതിരായ ശ്രേയസിന്‍റെ ദൗർബല്യം കൂടുതല്‍ തുറന്നുകാട്ടപ്പെട്ട സീസണ്‍ കൂടിയായിരുന്നു ഇത്.
ലിയാം ലിവിങ്‌സ്റ്റണ്‍: കഴിഞ്ഞ സീസണില്‍ അടിസ്ഥാന വിലയ്‌ക്ക് രാജസ്ഥാൻ റോയൽസിലിറങ്ങിയ ബാറ്റിങ് ഓള്‍റൗണ്ടര്‍ക്കായി 11.50 കോടി രൂപയാണ് പഞ്ചാബ് കിങ്‌സ് ഇത്തവണ മുടക്കിയത്. ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ മിന്നാനായെങ്കിലും തുടര്‍ന്നുള്ള മത്സരങ്ങളില്‍ താരം നിറം മങ്ങി. 14 മത്സരങ്ങളില്‍ 36.42 ശരാശരിയില്‍ 437 റണ്‍സും ആറ് വിക്കറ്റുമാണ് ലിവിങ്‌സ്റ്റണിന് നേടാനായത്. നാല് അര്‍ധ സെഞ്ചുറികള്‍ നേടിയ താരത്തിന്‍റെ ഉയര്‍ന്ന സ്‌കോര്‍ 70 റണ്‍സാണ്.
ശാര്‍ദുല്‍ താക്കൂര്‍: 10.75 കോടി രൂപയാണ് മീഡിയം പേസര്‍ക്കായി ഡല്‍ഹി ക്യാപിറ്റല്‍സ് മുടക്കിയത്. ആദ്യ എട്ട് മത്സരങ്ങളില്‍ വെറും മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് താരത്തിന് നേടാനായത്. തുടര്‍ന്നുള്ള ആറ് മത്സരങ്ങളില്‍ 11 വിക്കറ്റുകള്‍ വീഴ്‌ത്തിയ താരം സീസണില്‍ സ്വന്താക്കിയത് ആകെ 14 വിക്കറ്റുകളാണ്. ബാറ്റിങ്ങിലും കാര്യമായ മികവ് പ്രകടിപ്പിക്കാന്‍ ശാര്‍ദുലിന് കഴിഞ്ഞില്ല. 12.45 ശരാശരിയല്‍ 137 റണ്‍സ് മാത്രമാണ് താരത്തിന്‍റെ സമ്പാദ്യം.
ഷാറൂഖ് ഖാൻ: ആഭ്യന്തര ക്രിക്കറ്റില്‍ മിന്നിത്തിളങ്ങി ഐപിഎല്ലിനെത്തിയ താരത്തിനായി ഒമ്പത് കോടിയാണ് പഞ്ചാബ് സൂപ്പര്‍ കിങ്‌സ് മുടക്കിയത്. ഫ്രാഞ്ചൈസിക്കുണ്ടായിരുന്ന പ്രതീക്ഷയുടെ അടുത്തെത്താന്‍ പോലും ഷാറൂഖ് ഖാന് സാധിച്ചില്ല. ആദ്യ എട്ട് മത്സരങ്ങളില്‍ 117 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.
മോശം പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള നാല് മത്സരങ്ങളില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്‌തു. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ കളത്തിലിറങ്ങിയെങ്കിലും കാര്യമായി ഒന്നും ചെയ്യാനായില്ല.
നിതീഷ് റാണ: എട്ട് കോടി രൂപയാണ് മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ക്കായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുടക്കിയത്. 14 മത്സരങ്ങളിൽ നിന്നായി 25.57 ശരാശരിയിൽ 357 റൺസാണ് നിതീഷ് നേടിയത്. രണ്ട് അര്‍ധ സെഞ്ചുറികള്‍ മാത്രം നേടിയ ഇടംകൈയ്യൻ ബാറ്ററുടെ ഉയര്‍ന്ന സ്‌കോര്‍ 54 റണ്‍സാണ്.