മുംബൈ : ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ വിജയത്തില്‍ നിര്‍ണായകമായ താരമാണ് ഓൾറൗണ്ടർ ശിവം ദുബെ. 46 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സും പറത്തി 95 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ദുബെയായിരുന്നു ചെന്നൈയുടെ ടോപ് സ്‌കോറര്‍. പ്രകടനത്തോടെ ആഭ്യന്തര മത്സരങ്ങളിലുണ്ടായിരുന്ന ഫോം ഐപിഎല്ലിലും പുലര്‍ത്താന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായി ദുബെ പറഞ്ഞു.
'കുറച്ച് നാളായി പരിശ്രമിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ എനിക്ക് പ്രാവര്‍ത്തികമാക്കാന്‍ കഴിയും. ആഭ്യന്തര തലത്തിൽ രഞ്ജി ട്രോഫിയിൽ ഞാൻ ചെയ്‌തിരുന്ന കാര്യങ്ങളാണിത്. എന്നാൽ ഐപിഎല്ലില്‍ ഒരു പടി മുകളിലേക്ക് വരണം.
അധികം ചിന്തിക്കാതെ എന്‍റെ അടിസ്ഥാന ഗെയിം പിന്തുടരുകയാണ് ഞാന്‍. അധികമായി ഒന്നും ചെയ്യുന്നില്ലെങ്കിലും ഒരു കാര്യമുണ്ട്, എന്‍റെ ആത്മവിശ്വാസം ഉയർന്നതാണ്, ഞാൻ നന്നായി കളിക്കുന്നു' - മത്സരത്തിന് ശേഷം ദുബെ പറഞ്ഞു.
ആഭ്യന്തര ക്രിക്കറ്റില്‍ അപകടകാരിയായ ബാറ്ററാണ് ദുബെ. എന്നാല്‍ ഐപിഎല്ലിലും അന്താരാഷ്ട്ര തലത്തിലും മികവ് ആവർത്തിക്കാൻ താരത്തിനായിരുന്നില്ല. ഇന്ത്യക്കായി 13 ടി20കളും ഒരു ഏകദിനവും കളിച്ച താരം അവസാനമായി 2020 ഫെബ്രുവരിയിലാണ് നീലക്കുപ്പായത്തിലിറങ്ങിയത്.
അതേസമയം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ദുബെ റോബിന്‍ ഉത്തപ്പയോടൊപ്പം ഉയര്‍ത്തിയത്. 165 റൺസാണ് ഇരുവരും ചെന്നൈയുടെ ടോട്ടലിലേക്ക് ചേര്‍ത്തത്. ഇതേപറ്റിയും താരം സംസാരിച്ചു.
also read: MI vs PBKS | പഞ്ചാബിനെതിരെ രോഹിത്തിനെ കാത്തിരിക്കുന്നത് സുപ്രധാന നേട്ടം
മന്ദഗതിയിലുള്ള തുടക്കത്തിന് ശേഷം ആർസിബി ബൗളർമാരെ ആക്രമിക്കാൻ തങ്ങള്‍ തീരുമാനിച്ചതായും എന്നാല്‍ അധികം സംസാരിച്ചിരുന്നില്ലെന്നും 28കാരനായ താരം പറഞ്ഞു. ഐപിഎല്ലിലെ തന്‍റെ ആദ്യ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് അച്ഛന് സമര്‍പ്പിക്കുന്നതായും താരം കൂട്ടിച്ചേര്‍ത്തു.