ദുബായ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് 159 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയും 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുമാണ് ഹൈദരാബാദിനായി മികച്ച പ്രകടനം പുറത്തെടുത്തത്. രണ്ടാം വിക്കറ്റില്‍ ഇരുവരും 73 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 40 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി നേടിയ മനീഷ് പാണ്ഡെ 44 പന്തുകള്‍ നേരിട്ട് മൂന്നു സിക്‌സും രണ്ടു ഫോറുമടക്കം 54 റണ്‍സെടുത്ത് പുറത്തായി.
പതിഞ്ഞ തുടക്കമായിരുന്നു ഹൈദരാബാദിന്‍റേത്. 19 പന്തില്‍ നിന്ന് 16 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോയെ അഞ്ചാം ഓവറില്‍ തന്നെ ഹൈദരാബാദിന് നഷ്ടമായി. തന്‍റെ 100-ാം ഐ.പി.എല്‍ മത്സരം കളിക്കുന്ന മലയാളി താരം സഞ്ജു സാംസൺ മനോഹരമായ ക്യാച്ചിലൂടെ ബെയര്‍സ്‌റ്റോയെ പുറത്താക്കി. രാജസ്ഥാനുവേണ്ടി ജോഫ്ര ആര്‍ച്ചര്‍, കാര്‍ത്തിക് ത്യാഗി, ഉനദ്ഘഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.