അബുദാബി: തുടർച്ചയായ ഏഴാം ജയമെന്ന പഞ്ചാബിന്‍റെ സ്വപ്നത്തെ തകർത്ത് രാജസ്ഥാന് ഏഴ് വിക്കറ്റ് ജയം. തകര്‍ത്തടിച്ച് ബെന്‍ സ്റ്റോക്‌സിന്റെയും സഞ്ജു സാംസണിന്റെയും ബാറ്റിങ് കരുത്തിലാണ് രാജസ്ഥാന്‍റെ ജയം. ഇതോടെ രാജസ്ഥാൻ പ്ലേഓഫ് സാധ്യതകൾ സജീവമാക്കി. ഗെയ്‌ലിന്‍റെ കരുത്തിൽ പഞ്ചാബ് ഉയര്‍ത്തിയ 186 വിജയലക്ഷ്യം രാജസ്ഥാന്‍ 17.3 ഓവറില്‍ മൂന്നുവിക്കറ്റ് മാത്രം നഷ്‌ടത്തില്‍ മറികടന്നു.
ഓപ്പണർ ബെൻ സ്റ്റോക്സ് നേടിയ ഒരേയൊരു അർധസെഞ്ചുറി മാത്രമാണ് രാജസ്ഥാന്‍റെ ഇന്നിങ്സിലുള്ളത്. സ്റ്റോക്സ് 26 പന്തിൽ ആറു ഫോറും മൂന്നു സിക്സും സഹിതം 50 റൺസെടുത്ത് പുറത്തായി. മികച്ച ഫോമിലായിരുന്ന മലയാളി താരം സഞ്ജു സാംസൺ 25 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 48 റൺസെടുത്തു. അർഹിച്ച അർധസെഞ്ചുറിയിലേക്ക് നീങ്ങിയ സഞ്ജു റണ്ണൗട്ടായി. റോബിൻ ഉത്തപ്പയാണ് (23 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 30) പുറത്തായ മറ്റൊരു താരം. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (20 പന്തിൽ അഞ്ച് ഫോറുകൾ സഹിതം പുറത്താകാതെ 31), ജോസ് ബട്‌ലർ (11 പന്തിൽ പുറത്താകാതെ 22) എന്നിവർ രാജസ്ഥാനെ വിജയത്തിലെത്തിച്ചു. രണ്ടു വിക്കറ്റ് വീഴ്ത്തുകയും, അർധസെഞ്ചുറി തികയ്ക്കുകയും ചെയ്ത ബെൻ സ്റ്റോക്സാണ് കളിയിലെ കേമൻ. പഞ്ചാബിനായി മുരുകൻ അശ്വിൻ, ക്രിസ് ജോർദാൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 185 റൺസാണ് നേടിയത്. പഞ്ചാബിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ മന്‍ദീപ് സിങ്ങിനെ പുറത്താക്കി ജോഫ്ര ആര്‍ച്ചര്‍ പഞ്ചാബിന് തകര്‍ച്ച സമ്മാനിച്ചു. പൂജ്യനായാണ് മന്‍ദീപ് മടങ്ങിയത്. മന്‍ദീപിന് പകരം ക്രീസിലെത്തിയത് ക്രിസ് ഗെയ്‌ലാണ്. രാഹുലും ഗെയ്‌ലും ചേര്‍ന്ന് സ്‌കോര്‍ പതിയെ ഉയര്‍ത്തി. രാഹുലും ക്രിസ് ഗെയിലും ചേര്‍ന്ന് 120 റണ്‍സിന്‍റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. മൂന്നാമനായി ഇറങ്ങി 10 പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായ നിക്കോളാസ് പൂരാനുമായി ചേര്‍ന്ന് ഗെയില്‍ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 41 റണ്‍സെടുത്തു.
രാജസ്ഥാന് വേണ്ടി ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ഓപ്പണര്‍ കെഎല്‍ രാഹുലിന്‍റെയും നിക്കോളാസ് പൂരാന്‍റെയും വിക്കറ്റ് സ്റ്റോക്‌സ് വീഴ്‌ത്തിയപ്പോള്‍ ഗെയിലിന്‍റെയും മന്‍ദീപിന്‍റെയും വിക്കറ്റുകള്‍ ആര്‍ച്ചറും സ്വന്തമാക്കി.