ദുബായ്: ഐ.പി.എല്ലില്‍ സൺറൈസേഴ്സ് ഹൈദരാബാദ് രാജസ്ഥാൻ റോയൽസിനെ നേരിടുന്നു. ടോസ് നേടിയ ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഹൈദരാബാദ് ടീമില്‍ അബ്‌ദുൾ സമദിനെ ഒഴിവാക്കി ഓൾറൗണ്ടർ വിജയ് ശങ്കറിന് അവസരം നല്‍കി. അതേസമയം രാജസ്ഥാൻ ടീമില്‍ ആൻഡ്രു ടൈക്ക് പകരം ബെൻ സ്‌റ്റോക്‌സ് ടീമിലെത്തി. ഈ ടൂർണമെന്‍റില്‍ സ്റ്റോക്‌സിന്‍റെ ആദ്യ മത്സരമാണ്. അതോടൊപ്പം യശസ്വി ജയ്‌സ്വാൾ, മഹിപാല്‍ ലോംറോർ എന്നിവർക്ക് പകരം റിയാൻ പരാഗ്, റോബിൻ ഉത്തപ്പ എന്നിവർ രാജസ്ഥാൻ ടീമിലെത്തി.
കഴിഞ്ഞ മത്സരങ്ങളിലെ പരാജയത്തിന്‍റെ പ്രധാന കാരണമായ മധ്യനിരയുടെ പോരായ്‌മകൾ പരിഹരിച്ചാണ് രാജസ്ഥാൻ ഇന്നിറങ്ങുന്നത്. റോബിൻ ഉത്തപ്പയെ ഓപ്പണറായി പരിഗണിക്കുമ്പോൾ സ്റ്റീവ് സ്മിത്ത് മധ്യനിരയിലെത്തും. ടൂർണമെന്‍റില്‍ ഏഴാം സ്ഥാനത്തുള്ള രാജസ്ഥാന് ഇന്നത്തെ മത്സരം നിർണായകമാണ്. മലയാളി താരം സഞ്ജു സാംസന്‍റെ 100-ാം ഐ.പി.എൽ മത്സരം കൂടിയാണിന്ന്.
പോയിന്‍റ് ടേബിളിൽ മൂന്ന് ജയവുമായി ഹൈദരാബാദ് അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തിലെ ജയം ആവർത്തിക്കാനാകും ഹൈദരാബാദിന്‍റെ ശ്രമം. ഐപിഎല്ലില്‍ ഇതുവരെ 11 മത്സരങ്ങളിലാണ് ഹൈദരാബാദും രാജസ്ഥാനും ഏറ്റുമുട്ടിയിട്ടുള്ളത്. ആറു മത്സരങ്ങളില്‍ ഹൈദരാബാദ് ജയിച്ചപ്പോള്‍ അഞ്ച് എണ്ണത്തില്‍ രാജസ്ഥാന്‍ വിജയം നേടി.