ഷാർജ: ഐപിഎല്ലിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആദ്യം ബാറ്റ് ചെയ്യും. ബാംഗ്ലൂർ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തി. എന്നാൽ മൂന്ന് മാറ്റങ്ങളുമായിട്ടാണ് പഞ്ചാബ് ഇറങ്ങുന്നത്. ക്രിസ് ഗെയ്‌ല്‍ ഇന്ന് പഞ്ചാബിനു വേണ്ടി ഇറങ്ങും. വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ പ്രഭസിമ്രാൻ സിങ്ങിനു പകരമായിട്ടാണ് ഗെയ്‌ൽ അന്തിമ ഇലവനിൽ സ്ഥാനം പിടിച്ചത്. മുജീബുർ റഹ്മാന് പകരം മുരുകൻ അശ്വിനും പരിക്കേറ്റ മന്ദീപ് സിങ്ങിന് പകരം ദീപക് ഹൂഡയും കളിക്കും.
ഏഴ് കളികളില്‍ രണ്ടെണ്ണം മാത്രം പരാജയപ്പെട്ട ബാംഗ്ലൂർ അവസാനത്തെ അഞ്ച് കളികളില്‍ ജയിച്ചു കയറി ടൂർണമെന്‍റിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാമതാണ്. ഇന്ന് ജയിച്ചാല്‍ ബാംഗ്ലൂരിന് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്താം. അതേസമയം ഏഴ് കളികളില്‍ ഒരു ജയവും ആറ് തോല്‍വിയുമായി പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് പഞ്ചാബ്.
പരിക്കില്‍ നിന്ന് മുക്തനായി ക്രിസ് ഗെയില്‍ തിരിച്ചെത്തുന്നതാണ് പഞ്ചാബിന്‍റെ പ്രതീക്ഷ. അങ്ങനെയെങ്കില്‍ ബാറ്റിങില്‍ ലോകേഷ് രാഹുല്‍ മൂന്നാമനായി ഇറങ്ങും. ഗ്‌ളെൻ മാക്‌സ്‌വെല്‍ ഇനിയും ഫോമിലെത്താതാണ് പഞ്ചാബിനെ വലയ്ക്കുന്നത്. ടൂർണമെന്‍റിലെ ടോപ് സ്കോററായ രാഹുലിനൊപ്പം പുരാനും ഗെയിലും ഫോമിലെത്തിയാല്‍ പഞ്ചാബിന് മികച്ച സ്കോർ കണ്ടെത്താനാകും.
അതേസമയം, മികച്ച ബൗളിങാണ് ഇത്തവണ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടൂർണമെന്‍റില്‍ പുറത്തെടുക്കുന്നത്. യൂസ്‌വേന്ദ്ര ചാഹല്‍, വാഷിങ്ടൺ സുന്ദർ എന്നിവർ റൺ വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിക്കുന്നതിനൊപ്പം വിക്കറ്റെടുക്കുന്നതിലും മികവ് പുലർത്തുന്നുണ്ട്. അതോടൊപ്പം നവദീപ് സെയ്‌നി, ക്രിസ് മോറിസ്, ഇസിരു ഉഡാന, മുഹമ്മദ് സിറാജ് എന്നിവർ ഉൾപ്പെടുന്ന പേസ് ബൗളിങ് നിര ലോക നിലവാരത്തിലാണ് കളിക്കുന്നത്. ഡെത്ത് ഓവറുകളില്‍ സെയ്‌നിയും മോറിസും മികവു പുലർത്തുമ്പോൾ ഉഡാനയും സിറാജും മികച്ച പിന്തുണ നല്‍കുകയാണ്.
മധ്യനിരയില്‍ ശിവം ദുബെയും ഓപ്പണർ ആരോൺ ഫിഞ്ചും ഫോമിലാകുമെന്നാണ് ബാംഗ്ലൂർ ആരാധകർ പ്രതീക്ഷിക്കുന്നത്. ടൂർണമെന്‍റിലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് പകരം വീട്ടാനാകും കോലിയും സംഘവും ഇന്നിറങ്ങുക.അതേസമയം, ബാംഗ്ലൂരിനെ പരാജയപ്പെടുത്തി ഐപിഎല്‍ പ്രതീക്ഷ നിലനിർത്താനാകും ലോകേഷ് രാഹുലും സംഘവും ശ്രമിക്കുക.