ദുബായ്: ഐപിഎല്ലില്‍ സെമി സ്വപ്നങ്ങള്‍ സജീവമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 20 റണ്‍സിനാണ് ധോണിയും കൂട്ടരും പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്‌ത് ആറ് വിക്കറ്റ് നഷ്‌ടപ്പെടുത്തി ചെന്നൈ നേടിയ 167 റണ്‍സിനെതിരെയുള്ള ഹൈദരാബാദ് പോരാട്ടം എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 147ല്‍ അവസാനിച്ചു. ജയിച്ചെങ്കിലും പോയന്‍റ് പട്ടികയില്‍ ഹൈദരാബാദിനെ മറികടക്കാൻ ചെന്നൈയ്‌ക്കായിട്ടില്ല. എട്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്‍റുമായി ഇരു ടീമുകളും യഥാക്രമം അഞ്ചും ആറും സ്ഥാനങ്ങളിലാണ്. നൈറ്റ് റണ്‍റേറ്റിന്‍റെ ബലത്തിലാണ് ഹൈദരാബാദ് ചെന്നൈയ്‌ക്ക് മുന്നില്‍ നില്‍ക്കുന്നത്.
മൂന്നാം വിക്കറ്റില്‍ 81 റണ്‍സ് അടിച്ചെടുത്ത ഷെയ്‌ൻ വാട്‌സണ്‍ (38 പന്തില്‍ 42) - അമ്പാട്ടി റായിഡു (34 പന്തില്‍ 41) സഖ്യമാണ് ചെന്നൈയ്‌ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്‌ക്കായി ഫാഫ് ഡുപ്ലിയും സാം കറണുമാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്‌തത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ഡുപ്ലെസി പുറത്തായെങ്കിലും സാം കറണിന്‍റെ മികച്ച പ്രകടനം ചെന്നൈയ്‌ക്ക് മോശമല്ലാത്ത തുടക്കം നല്‍കി. 21 പന്തില്‍ 31 റണ്‍സാണ് കറണ്‍ അടിച്ചെടുത്തത്. ക്യാപ്‌റ്റൻ ധോണിയും( 13 പന്തില്‍ 21) ജഡേജയും (10 പന്തില്‍ 25) അവസാന നിമിഷം സ്‌കോര്‍ വേഗം കൂട്ടി. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തിയ സന്ദീപ് ശര്‍മ ഹൈദരാബാദിനായി മികച്ച പ്രകടനം പുറത്തെടുത്തു. ഖലീല്‍ അഹമ്മദും രണ്ട് വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങില്‍ തകര്‍ച്ചയോടെ ആയിരുന്ന ഹൈദരാബാദിന്‍റെ തുടക്കം. സാം കറണ്‍ എറിഞ്ഞ നാലാം ഓവറില്‍ വാര്‍ണറും മനീഷ് പാണ്ഡെയും പുറത്തായി. ഇരുവര്‍ക്കും രണ്ടക്കം കടക്കാനായില്ല. പിന്നീട് വന്ന വില്യംസണും ബെയര്‍സ്‌റ്റോയും ചേര്‍ന്ന് നിലയുറപ്പിച്ച് കളിച്ചെങ്കിലും സ്‌കോറിങ്ങിന് വേഗം കുറവായിരുന്നു. വില്യംസണ്‍ 39 പന്തില്‍ നിന്ന് 57 റണ്‍സെടുത്തെങ്കിലും 24 പന്തില്‍ നിന്ന് 23 റണ്‍സ് മാത്രമായിരുന്നു ബെയര്‍സ്‌റ്റോയുടെ സംഭാവന. മറ്റാര്‍ക്കും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ചെന്നൈയ്‌ക്കായി ബ്രാവോയും കരണ്‍ ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഡല്‍ഹി ക്യാപിറ്റല്‍സാണ് ചെന്നൈയുടെ അടുത്ത എതിരാളികള്‍. ശനിയാഴ്‌ച ഷാര്‍ജയിലാണ് മത്സരം. ഞായറാഴ്‌ച നടക്കുന്ന കളിയില്‍ ഹൈദരാബാദ് കൊല്‍ക്കത്തയെ നേരിടും.