അബുദാബി : ഐപിഎല്ലില്‍ ഓരോ മത്സരം കഴിയുന്തോറും ആവേശം അതിരുകടക്കുകയാണ്. പോയിന്‍റ് പട്ടികയില്‍ പിന്നില്‍ നിന്നവർ തുടർജയങ്ങളുമായി മുന്നിലേക്ക് വരികയാണ്. പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ബാംഗ്ലൂർ റോയല്‍ചലഞ്ചേഴ്സും നാലാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഇന്ന് ഏറ്റുമുട്ടുമ്പോൾ ഇരു ടീമുകളും ലക്ഷ്യമിടുന്നത് ജയം തന്നെയാണ്.
ബാംഗ്ലൂരിന് ഇന്ന് ജയിച്ചാല്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാമതെത്താം. പരാജയപ്പെട്ടാല്‍ ബാംഗ്ലൂർ നാലാമതാകും. അതേസമയം ഇന്ന് വിജയിച്ച് മൂന്നാമതെത്താനാകും കൊല്‍ക്കൊത്തയുടെ ശ്രമം. പരാജയപ്പെട്ടാല്‍ നൈറ്റ് റൈഡേഴ്‌സിന്‍റെ പ്ളേഓഫ് സാധ്യതകൾക്ക് മങ്ങലേല്‍ക്കും. കഴിഞ്ഞ മത്സരത്തില്‍ സൺറൈസേഴ്‌സിനെ സൂപ്പർ ഓവറില്‍ പരാജയപ്പെടുത്തി എത്തുന്ന കൊല്‍ക്കത്തയും രാജസ്ഥാനെ കീഴടക്കി എത്തുന്ന ബാംഗ്ലൂരും വിജയത്തുടർച്ചയാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി തകർപ്പൻ പ്രകടനം നടത്തിയ ലോക്കി ഫെർഗൂസൻ ഇന്ന് കൊല്‍ക്കത്ത ടീമിലുണ്ടാകും.
ഫെർഗൂസനൊപ്പം പാറ്റ് കമ്മിൻസ്, ശിവം മാവി എന്നിവരാകും കൊല്‍ക്കത്തയുടെ പേസ് ആക്രമണം നയിക്കുക. വരുൺ ചക്രവർത്തി, കുല്‍ദീപ് യാദവ് എന്നിവർക്കൊപ്പം സുനില്‍ നരെയ്‌ൻ കൂടി കൊല്‍ക്കത്ത നിരയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുനില്‍ നരെയ്‌ന് ആക്ഷനെ സംബന്ധിച്ചുണ്ടായിരുന്ന ആശങ്കകൾ പരിഹരിച്ചുവെന്നാണ് നൈറ്റ് റൈഡേഴ്‌സ് ടീം നല്‍കുന്ന വിവരം. നരെയ്‌ൻ വന്നാല്‍ പരിക്കിന്‍റെ പിടിയിലുള്ള ആന്ദ്രെ റസലിന് ഇന്ന് കൊല്‍ക്കൊത്ത വിശ്രമം നല്‍കിയേക്കും.
ബാറ്റിങില്‍ നിതീഷ് റാണ, രാഹുല്‍ ത്രിപാഠി എന്നിവർ ഫോമിലെത്താത്തത് കൊല്‍ക്കത്തയെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഓപ്പണിങില്‍ ശുഭ്‌മാൻ ഗില്ലിന് മികച്ച തുടക്കം നല്‍കാൻ ബാറ്റിങ് നിരയില്‍ പുതിയ പരീക്ഷണത്തിന് കൊല്‍ക്കത്ത തയ്യാറായേക്കും. നായകൻ മോർഗൻ, ദിനേശ് കാർത്തിക് എന്നിവർ മധ്യനിരയില്‍ ഫോമിലാണ്. മുൻ വർഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി തുടർ വിജയങ്ങളുമായി മികച്ച രീതിയിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇത്തവണ കളിക്കുന്നത്. ഓപ്പണിങില്‍ ദേവ്‌ദത്ത് പടിക്കല്‍, ആരോൺ ഫിഞ്ച് എന്നിവരും കോലിയുടെ നേതൃത്വത്തില്‍ മധ്യനിരയും മികച്ച ഫോമിലാണ്. എബി ഡിവില്ലിയേഴ്‌സ് തകർപ്പൻ ഫോമിലാണെന്നാണ് ബാംഗ്ലൂരിന് ആശ്വാസം പകരുന്നതാണ്.
മധ്യനിരയില്‍ ശിവം ദുബെയ്ക്ക് പകരം ഇന്ന് ഗുർകീരത് മാൻ സിങ് കളിക്കും. ക്രിസ് മോറിസ്, നവദീപ് സെയ്‌നി, ഇസിരു ഉഡാന എന്നിവരാകും പേസ് ബൗളിങിന് നേതൃത്വം നല്‍കുക. വാഷിങ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവർ സ്പിൻ നിരയില്‍ തകർപ്പൻ ഫോമിലാണ്. അതോടൊപ്പം ഷഹബാസ് അഹമ്മദും ബാംഗ്ലൂർ നിരയില്‍ ഇറങ്ങും. നൈറ്റ് റൈഡേഴ്‌സ് നായകൻ ഓയിൻ മോർഗന്‍റെ 300-ാം ടി-20 മത്സരമാണ് ഇന്ന് നടക്കുക. ഇന്ന് 58 റൺസ് കൂടി നേടിയാല്‍ എബി ഡിവില്ലിയേഴ്‌സിന് ടി-20യില്‍ 9000 റൺസ് തികയ്ക്കാനാകും.