ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 37 റണ്‍സിന് തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ. റോയല്‍ ചലഞ്ചേഴ്സ് ഉയര്‍ത്തിയ 170 റണ്‍സ് പിന്തുടര്‍ന്നെത്തിയ ചെന്നൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ചെന്നൈയുടെ അഞ്ചാമത്തെ തോല്‍വിയാണിത്. ക്രിസ് മോറിസിന്‍റെ ബൗളിംഗ് മികവാണ് ബാംഗ്ലൂരിന്‍റെ ജയം അനായാസമാക്കിയത്. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത മോറിസ് മൂന്നു വിക്കറ്റെടുത്ത് ചെന്നൈക്ക് പ്രഹരമേല്‍പ്പിച്ചു.
മൂന്ന് ഓവറില്‍ 16 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത വാഷിങ്ടണ്‍ സുന്ദറും നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയ നവ്ദീപ് സെയ്‌നിയും കൂടെയായപ്പോള്‍ ചെന്നൈ തകര്‍ന്നു. അമ്പാട്ടി റായുഡുവാണ് ചെന്നൈക്ക് വേണ്ടി ഉയര്‍ന്ന സ്കോര്‍ നേടിയത്. 40 പന്തില്‍ നിന്നും 42 റണ്‍സാണ് റായുഡു സ്വന്തമാക്കിയത്. ഫാഫ് ഡുപ്ലെസി (8), ഷെയ്ന്‍ വാട്ട്‌സണ്‍ (14) വിക്കറ്റുകള്‍ നഷ്ടമായതോടെ അപകടം മണത്ത ചെന്നൈയെ രക്ഷിക്കാന്‍ നായകന്‍ ധോണിക്കും ഇത്തവണ കഴിഞ്ഞില്ല.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ നായകൻ വിരാട് കോലിയുടെ അർദ്ധ സെഞ്ച്വറി മികവിലാണ് 169 റൺസ് നേടിയത്. കോലി 90 റൺസെടുത്ത് പുറത്താകാതെ നിന്നു. ദേവ്‌ദത്ത് പടിക്കല്‍ 33 റൺസെടുത്ത് പുറത്തായപ്പോൾ ശിവം ദുബെ 22 റൺസെടുത്ത് കോലിക്ക് മികച്ച പിന്തുണ നല്‍കി. കോലിയാണ് കളിയിലെ കേമൻ. ജയത്തോടെ ബാംഗ്ലൂർ എട്ട് പോയിന്‍റുമായി നാലാം സ്ഥാനത്തേക്ക് ഉയർന്നു.
സ്കോര്‍:- റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ നാല് വിക്കറ്റ് നഷ്ടത്തില്‍ 169. ചെന്നൈ സുപ്പര്‍ കിംഗ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ്.