അബുദാബി: ഐപിഎല്‍ 13ാം പതിപ്പിന്‍റെ ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് എതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 163 റണ്‍സിന്‍റെ വിജയ ലക്ഷ്യം. നേരത്തെ ടോസ് നേടിയ സിഎസ്‌കെ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിലാണ് മുംബൈ ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്.
മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഹര്‍ദിക് പാണ്ഡ്യയുടെ മികവിലാണ് മുംബൈ മൂന്നക്കം കടന്നത്. ഓപ്പണിങ് കൂട്ടുകെട്ടില്‍ നായകന്‍ രോഹിത് ശര്‍മയും ക്വിന്‍റണ്‍ ഡി കോക്കും ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. ഇരുവരും ചേര്‍ന്ന് 46 റണ്‍സാണ് സ്‌കോര്‍ബോഡില്‍ ചേര്‍ത്തത്. രോഹിത് 12 റണ്‍സെടുത്തും ഡികോക്ക് 33 റണ്‍സെടുത്തും പുറത്തായി. സ്‌കോര്‍ 92ല്‍ എത്തി നില്‍ക്കുമ്പോള്‍ സൂര്യകുമാര്‍ യാദവ് 17 റണ്‍സെടുത്തും പുറത്തായി.
42 റണ്‍സെടുത്ത് നില്‍ക്കെ രവീന്ദ്ര ജഡേജയുടെ പന്തില്‍ സിക്‌സടിക്കാന്‍ ശ്രമിച്ചാണ് സൗരഭ് തിവാരി പുറത്തായത്. ഫാഫ് ഡുപ്ലെസി ബൗണ്ടറി ലൈനിന് സമീപത്ത് നിന്നും മനോഹരമായി പന്ത് ക്യാച്ച് ചെയ്‌താണ് തിവാരിയെ പുറത്താക്കിയത്. മുംബൈയുടെ ടോപ്പ് സ്‌കോററാണ് തിവാരി. സമാന രീതിയില്‍ സിക്‌സ് പറത്താന്‍ ശ്രമിച്ച ഹര്‍ദിക് പാണ്ഡ്യയും ഡുപ്ലെസിക്ക് ക്യാച്ച് വഴങ്ങി പുറത്തായി. ഇരുവരും ജഡേജയുടെ പന്തിലാണ് പുറത്തായി എന്നതാണ് മറ്റൊരു കൗതുകം.
രവീന്ദ്ര ജഡേജ ദീപക് ചാഹര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റും വീഴ്‌ത്തി. സാം കുറാന്‍, പീയൂഷ് ചൗള എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.