ദുബായ്: തകര്‍ത്തടിച്ച എ.ബി.ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങ് മികവില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ഏഴ് വിക്കറ്റ് ജയം. 178 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 22 പന്തുകളില്‍ നിന്നും പുറത്താകാതെ 55 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിന്റെയും 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയുടെയും മികവിലാണ് വിജയം സ്വന്തമാക്കിയത്. ഒരുഘട്ടത്തില്‍ തോല്‍വി നേരിട്ട ബാംഗ്ലൂരിനെ ഒറ്റയാൾ പോരാട്ടം നടത്തി ഡിവില്ലിയേഴ്‌സ് വിജയതീരത്തിലെത്തിക്കുകയായിരുന്നു.
ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്‌സിന് എതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാൻ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റൺസെടുത്തു. അർധ സെഞ്ച്വറി നേടിയ നായകൻ സ്റ്റീവ് സ്മിത്തിന്‍റെ മികവിലാണ് രാജസ്ഥാൻ മികച്ച സ്കോർ കണ്ടെത്തിയത്. സ്മിത്ത് 36 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും അടക്കം 57 റൺസെടുത്ത് പുറത്തായി. ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച റോബിൻ ഉത്തപ്പ 22 പന്തില്‍ 41 റൺസെടുത്തു. ബെൻ സ്റ്റോക്‌സ് (15), സഞ്ജു സാംസൺ (9), ജോസ് ബട്‌ലർ (24), ജോഫ്ര ആർച്ചർ (2) എന്നിവർ വലിയ സ്കോർ നേടാതെ പുറത്തായി. സഞ്ജു ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയ മത്സരത്തില്‍ വാലറ്റത്ത് രാഹുല്‍ തെവാത്തിയ 11 പന്തില്‍ 19 റൺസുമായി പുറത്താകാതെ നിന്നു. ക്രിസ് മോറിസ് നാല് ഓവറില്‍ 26 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തി. യുസ്‌വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റ് നേടി. രാജസ്ഥാൻ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തിയപ്പോൾ ഗുർകീരത് മാൻ സിങ്, ഷഹബാസ് അഹമ്മദ് എന്നിവർ ബാംഗ്ലൂർനിരയില്‍ ഇടം കണ്ടെത്തി.
പതിവുപോലെ ആരോണ്‍ ഫിഞ്ചും മലയാളി താരം ദേവ്ദത്ത് പടിക്കലും ചേര്‍ന്നാണ് ഇന്നിങ്‌സ് ആരംഭിച്ചത്. മികച്ച ഷോട്ടുകളുമായി ഫിഞ്ച് നല്ല തുടക്കം നല്‍കുകയും ചെയ്തു. എന്നാല്‍ നാലാം ഓവറില്‍ 14 റണ്‍സെടുത്ത ഫിഞ്ചിനെ ശ്രേയസ് ഗോപാല്‍ പുറത്താക്കി. പിന്നാലെയെത്തിയത് ക്യാപ്റ്റന്‍ വിരാട് കോലിയാണ്. കോലിയും ദേവ്ദത്തും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡ് 50 കടത്തി. പിന്നാലെ ഇരുവരും അര്‍ധസെഞ്ച്വറികൂട്ടുകെട്ടും പടുത്തുയര്‍ത്തി. ദേവ്ദത്ത് സിംഗിളുകള്‍ നേടി ക്യാപ്റ്റന് സ്‌ട്രൈക്ക് കൈമാറി. കോലി ആക്രമിച്ച് കളിച്ച് സ്‌കോര്‍ ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ ഇരുവര്‍ക്കും വെല്ലുവിളിയുയര്‍ത്തി. എന്നാലും ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി.
പിന്നീട് ആക്രമിച്ച് കളിക്കാന്‍ ശ്രമിച്ച ദേവ്ദത്ത് പടിക്കലിനെ പുറത്താക്കി രാജസ്ഥാന്‍ വീണ്ടും കളിയിലേക്ക് തിരിച്ചുവന്നു. രാഹുല്‍ തെവാത്തിയയാണ് 35 റണ്‍സെടുത്ത ദേവ്ദത്തിനെ പുറത്താക്കിയത്. തൊട്ടടുത്ത ഓവറില്‍ മനോഹരമായ ഒരു ബൗണ്ടറി ലൈന്‍ ക്യാച്ചിലൂടെ കോലിയെയും തെവാട്ടിയ പുറത്താക്കി. 32 പന്തുകളില്‍ നിന്നും 43 റണ്‍സെടുത്ത് ക്യാപ്റ്റന്‍ പുറത്തായതോടെ ബാംഗ്ലൂര്‍ പരുങ്ങലിലായി. പിന്നീട് ക്രീസിലെത്തിയത് ഡിവില്ലിയേഴ്‌സും ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച ഗുര്‍കീരതുമായിരുന്നു. എന്നാല്‍ രാജസ്ഥാന്‍ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ വേണ്ട വിധത്തില്‍ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഇരുവര്‍ക്കും സാധിച്ചില്ല.
അവസാന മൂന്നോവറില്‍ ബാംഗ്ലൂരിന് ജയിക്കാന്‍ 45 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഉനദ്കട്ട് എറിഞ്ഞ 19-ാം ഓവറിലെ ആദ്യമൂന്നു പന്തുകളിലും സിക്‌സറുകള്‍ പറത്തി ഡിവില്ലിയേഴ്‌സ് കളിയുടെ ഗതിമാറ്റി. ആ ഓവറില്‍ 25 റണ്‍സാണ് പിറന്നത്. അവസാന ഓവറില്‍ ബാംഗ്ലൂരിന് ജയിക്കാന്‍ 10 റണ്‍സായിരുന്നു വേണ്ടത്. ആര്‍ച്ചര്‍ എറിഞ്ഞ ഓവറില്‍ ടീമിനെ വിജയത്തിലെത്തിച്ച് ഡിവില്ലിയേഴ്‌സ് മത്സരത്തിലെ നിര്‍ണായക സാന്നിധ്യമായി മാറി. രാജസ്ഥാന് വേണ്ടി ശ്രേയസ് ഗോപാല്‍, കാര്‍ത്തിക്ക് ത്യാഗി, തെവാട്ടിയ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.