ന്യുഡൽഹി : കൊവിഡ് വ്യപനം മൂലം മാറ്റിവച്ച ഐപിഎൽ മത്സരങ്ങൾക്ക് വേണ്ടി വ്യത്യസ്തമായ തയ്യാറെടുപ്പുകളാണ് മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി നടത്തിയിരുന്നതെന്ന് സുരേഷ് റെയ്‌ന. ഈ വർഷം മാർച്ച് മൂന്ന് മുതൽ ധോണിയും റെയ്‌നയും ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ആദ്യ കുറച്ച് ദിവസങ്ങളിൽ ധോണി ജിമ്മിൽ പോകുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. അതോടൊപ്പം ഷോട്ടുകൾ അദ്ദേഹം മനോഹരമായി കളിച്ചിരുന്നു. കൂടാതെ ധോണിയുടെ ഫിറ്റ്നസ് ലെവൽ മികച്ചതായിരുന്നെന്നും ഒരു ടിവി ഷോയിൽ സംസാരിക്കവെ റെയ്ന പറഞ്ഞു. ഇത്തവണത്തെ തയ്യാറെടുപ്പുകൾ വ്യത്യസ്തമായിരുന്നതിനാൽ മത്സരങ്ങൾ വേഗത്തിൽ ആരംഭിക്കാൻ കഴിയുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും റെയ്ന കൂട്ടിച്ചേർത്തു.
2019 ലോകകപ്പിന്‍റെ സെമി ഫൈനലിൽ ന്യൂസിലൻഡിനോട് ഇന്ത്യ പരാജയപ്പെട്ടതിന് ശേഷം ധോണി ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഐപിഎല്ലിൽ ധോണി മടങ്ങിവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച റെയ്‌ന, മൽസരങ്ങൾക്കായി ധോണി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി. ചെന്നൈയിൽ പരിശീലനം നടത്തിപ്പോൾ തുടർച്ചയായി നാല് മണിക്കൂർ വരെ ധോണി ബാറ്റ് ചെയ്തുവെന്ന് റെയ്ന പറഞ്ഞു. തങ്ങൾ കളിച്ച ഏത് സമയത്തും തനിക്ക് സ്വതന്ത്രമായി ബാറ്റ് ചെയ്യാനുള്ള ലൈസൻസ് തന്നിട്ടുണ്ടെന്നും തന്‍റെ കഴിവ് ധോണിക്ക് എല്ലായ്‌പ്പോഴും അറിയാമെന്നും റെയ്ന പറഞ്ഞു.