ജയ്പൂർ: ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി രാജസ്ഥാൻ റോയല്‍സ് നായകൻ സ്റ്റീവ് സ്മിത്ത് ഈ മാസം 30ന് നാട്ടിലേക്ക് മടങ്ങും. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിന് ശേഷമാകും മടക്കം.
സ്മിത്തിന് പിന്നാലെ ഇംഗ്ലീഷ് താരങ്ങളായ ബെൻ സ്റ്റോക്ക്സ്, ജോസ് ബട്ലർ, ജോഫ്ര ആർച്ചർ, എന്നിവർ സീസണിലെ അവസാന മൂന്ന് മത്സരങ്ങളില്‍ രാജസ്ഥാൻ ടീമിലുണ്ടാകില്ല. ഇത് രാജസ്ഥാന് വലിയ തിരിച്ചടിയാകും നല്‍കുക. നേരത്തെ രഹാനെയുടെ കീഴില്‍ രാജസ്ഥാൻ ദയനീയ പ്രകടനം കാഴ്ചവച്ചതിനെ തുടർന്നാണ് സ്മിത്തിനെ ടീമിന്‍റെ നായകനാക്കിയത്. രാജസ്ഥാനെ നയിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തിലും വിജയം സമ്മാനിക്കാൻ സ്മിത്തിന് കഴിഞ്ഞു. നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് നാല് വിജയം മാത്രമുള്ള റോയല്‍സിന് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വിജയിക്കണം.
നേരത്തെ മുംബൈക്കെതിരായ മത്സരത്തിന് മുമ്പായിരുന്നു ജോസ് ബട്ലർ നാട്ടിലേക്ക് മടങ്ങിയത്. കുട്ടിയുടെ ജനനത്തെ തുടർന്ന നാട്ടിലേക്ക് പോയ ബട്ലർ പിന്നീട് ടീമിനൊപ്പം ചേർന്നില്ല. കൊല്‍ക്കത്തയക്കെതിരെ ഇന്നലെ നടന്ന മത്സരത്തിന് ശേഷമാണ് സ്റ്റോക്ക്സും ആർച്ചറും മടങ്ങിയത്. മേയ് 4ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് രാജസ്ഥാൻ റോയല്‍സിന്‍റെ അവസാന ലീഗ് മത്സരം.