ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ 40 റൺസിന് തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ്. ജയത്തോടെ പോയിന്‍റ് പട്ടികയിൽ ഡൽഹിയെ മറികടന്ന് മുംബൈ രണ്ടാം സ്ഥാനത്തെത്തി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ രോഹിത് ശര്‍മ (30), ക്വിന്‍റണ്‍ ഡി കോക്ക് (35), സൂര്യകുമാര്‍ യാദവ് (26), ക്രുനാല്‍ പാണ്ഡ്യ (37), ഹാര്‍ദിക് പാണ്ഡ്യ (32) എന്നിവരുടെ ഇന്നിംഗ്സിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ഡൽഹിക്കായി കഗിസോ റബാഡ രണ്ടും അമിത് മിശ്ര, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഒരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്ക് ശിഖർ ധവാനും പൃഥ്വി ഷായും മികച്ച തുടക്കം നൽകി. ഏഴാം ഓവറിൽ 22 പന്തിൽ 35 റൺസെടുത്ത ധവാനെ പുറത്താക്കി രാഹുൽ ചാഹർ മുംബൈക്ക് ബ്രേക്ക് ത്രൂ നൽകി. ഒമ്പതാം ഓവറിൽ ഷായെയും(20) പുറത്താക്കി ചാഹർ മുംബൈക്ക് മേൽകൈ നൽകി. പിന്നീടെത്തിയ ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടപ്പോൾ ഡൽഹിക്ക് 20 ഓവറിൽ 128 റൺസെടുക്കാനെ സാധിച്ചൊള്ളൂ. മധ്യനിരയിൽ അക്സർ പട്ടേൽ (26) ഒഴികെ ആർക്കും പിടിച്ച് നിൽക്കാൻ സാധിക്കാതെ വന്നതാണ് ഡൽഹിയുടെ തോൽവിക്ക് കാരണം. കോളിന്‍ മണ്‍റോ (3), ശ്രേയസ് അയ്യര്‍ (3), ഋഷഭ് പന്ത് (7), ക്രിസ് മോറിസ് (11), കീമോ പോള്‍ (0), കഗിസോ റബാഡ (9) എന്നിവരെല്ലാം സ്കോർ കണ്ടെത്താൻ പരാജയപ്പെട്ടു. മുംബൈക്കായി രാഹുൽ ചാഹർ മൂന്ന് വിക്കറ്റ് നേടിയപ്പോൾ ജസ്പ്രീത് ബുംറ രണ്ടും ലസിത് മലിംഗ, ഹാര്‍ദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റും നേടി.