ഈഡൻ ഗാർഡൻസില്‍ തുടർച്ചയായ രണ്ടാം ജയം തേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. സീസണിലെ ആദ്യ മത്സരത്തില്‍ വിജയിച്ച ഇരുവരും രണ്ടാം ജയത്തിനായാണ് ഇന്നിറങ്ങുന്നത്.
സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് കൊല്‍ക്കത്ത ജയിച്ചത്. അവസാന ഓവർ വരെ നീണ്ട മത്സരത്തില്‍ ആന്ദ്രേ റസ്സലിന്‍റെയും യുവതാരങ്ങളായ നിതീഷ് റാണ, ശുഭ്മാൻ ഗില്‍ എന്നിവരുടെയും വെടിക്കെട്ട് പ്രകടനമാണ് കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്. അതേസമയം രാജസ്ഥാനെ 14 റൺസിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തോടെയാണ് പഞ്ചാബ് ഇന്നിറങ്ങുക.
ബാറ്റിംഗില്‍ ശക്തരായ താരങ്ങൾ തമ്മിലുള്ള പോരാട്ടത്തിനാകും ഈഡൻ ഗാർഡൻസ് ഇന്ന് സാക്ഷ്യം വഹിക്കുക. കൊല്‍ക്കത്തയ്ക്ക് വേണ്ടി ക്രിസ് ലിൻ, റസ്സല്‍, നീതീഷ് റാണ, ശുഭ്മാൻ ഗില്ല്, റോബിൻ ഉത്തപ്പ എന്നിവരും കിംഗ്സ് ഇലവൻ പഞ്ചാബിന് വേണ്ടി ക്രിസ് ഗെയ്ല്‍, സർഫറാസ് ഖാൻ, നിക്കോളാസ് പുരാൻ എന്നിവരുമുണ്ട്.
ഇരുടീമുകളും കൈവിട്ടു എന്ന കരുതിയ മത്സരം പൊരുതി പിടിക്കുകയായിരുന്നു. സൺറൈസേഴ്സ് ഉയർത്തിയ മികച്ച സ്കോർ പിന്തുടർന്ന കൊല്‍ക്കത്തയുടെ തുടക്കം മോശമായിരുന്നുവെങ്കിലും മധ്യനിര ബാറ്റ്സ്മാൻമാരുടെ മികച്ച പ്രകടനം ടീമിന് ജയം സമ്മാനിച്ചു. അതേസമയം രാജസ്ഥാൻ റോയല്‍സിന്‍റെ തകർപ്പൻ ബാറ്റിംഗിന് മുമ്പില്‍ പതറിയ പഞ്ചാബ് ബൗളർമാർ നിശ്ചിത ഇടവേളകളില്‍ വിക്കറ്റുകൾ വീഴ്ത്തി മത്സരത്തില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയതാണ് ടീമിനെ വിജയത്തിലെത്തിച്ചത്.
സുനില്‍ നരെയ്ൻ, കുല്‍ദീപ് യാദവ്, റസ്സല്‍ എന്നിവരടങ്ങുന്ന ബൗളിംഗ് നിര പഞ്ചാബിന് വെല്ലുവിളി ഉയർത്തിയേക്കും. അതെസമയം ആൻട്രു ടൈ, മുജീബ് ഉർ റഹ്മാൻ, അശ്വിൻ, സാം കറൺ എന്നിവരാണ് കിംഗ്സ് ഇലവൻ പഞ്ചാബിന്‍റെ ബൗളിംഗ് കരുത്ത്.
ഇരുടീമുകളും ഇതുവരെ 23 തവണ ഏറ്റുമുട്ടിയപ്പോൾ 15 മത്സരങ്ങളില്‍ കൊല്‍ക്കത്തയും എട്ട് തവണ പഞ്ചാബും വിജയിച്ചു. ഇനി തുടർച്ചയായ നാല് എവേ മത്സരങ്ങളുള്ള കൊല്‍ക്കത്ത ഇന്നത്തെ ജയത്തോടെ രണ്ടാം ഹോം മത്സരം അവസാനിപ്പിക്കാനാകും ശ്രമിക്കുക.