അവസാന മത്സരത്തിലെ തോൽവി മറക്കാൻ കിംഗ്സ് ഇലവൻ പഞ്ചാബും സൺറൈസേഴ്സ് ഹൈദരാബാദും ഇന്ന് നേർക്കു നേർ. കഴിഞ്ഞ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനോട് തോറ്റ പഞ്ചാബിനും മുംബൈ ഇന്ത്യൻസിനെതിരെ തകർന്നടിഞ്ഞ ഹൈദരാബാദിനും ഇന്നത്തെ മത്സരം പ്രധാന്യമേറിയതാണ്.
ഐപിഎല്ലിലെ മികച്ച ബാറ്റിങ് നിരയായ സൺറൈസേഴ്സിന് മുംബൈക്കെതിരെ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. മുംബൈ ഉയർത്തിയ 137 റൺസ് പിന്തുടർന്ന ഹൈദരാബാദിന് 100 പോലും കടക്കാൻ സാധിച്ചിരുന്നില്ല. പരിക്കേറ്റ നായകൻ കെയിൻ വില്യംസണിന്‍റെ അഭാവമാണ് ടീമിനെ വലക്കുന്നത്. മധ്യനിരയെ വേണ്ടത്ര രീതിയിൽ ഉപയോഗിക്കാൻ സാധിക്കാതിരുന്നതും ഹൈദരാബാദിന് വെല്ലുവിളിയാണ്.
കിംഗ്സ് ഇലവനാകട്ടെ വേഗമേറിയ സ്കോറിങിനുള്ള താരങ്ങൾ മധ്യനിരയിൽ ഇല്ലാത്തത് തലവേദനയായി മാറുകയാണ്. മില്ലറും, സർഫാസ് ഖാനും ബാറ്റിംഗ് തുടരവേയാണ് ചെന്നൈക്കെതിരെ വെല്ലുവിളി പോലും ഉയർത്താതെ പഞ്ചാബ് കീഴടങ്ങിയത്.
കഴിഞ്ഞ സീസണിലെ പോലെ ഇത്തവണയും സൺറൈസേഴ്സിന്‍റെ കുന്തമുന ബൗളിങാണ്. ശരാശരിയിൽ ഒരു മത്സരത്തിൽ 150 താഴെ റൺസ് ഹൈദരാബാദ് വിട്ടുകൊടുത്തിട്ടുള്ളു. ബാറ്റിങിൽ വാർണർ-ബെയർസ്റ്റോ സഖ്യമാണ് സൺറൈസേഴ്സിന്‍റെ മുതല്‍ക്കൂട്ട്.
ചരിത്രവും ഹൈദരാബാദിനൊപ്പമാണ്. ഇരു ടീമും നേരത്തെ 12 തവണ ഏറ്റമുട്ടിയപ്പോൾ ഒമ്പത് തവണ ജയിച്ചത് സൺറൈസേഴ്സാണ്. 2017 വരെ ഒരു തവണ പോലും മൊഹാലിയില്‍ കിങ്സ് ഇലവന് ഹൈദരാബാദിനെ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല.