ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടും. പ്ലേഓഫിനായി പൊരുതുന്ന രാജസ്ഥാന് ജയത്തിൽ കുറഞ്ഞതെന്നും ഇന്ന് മതിയാകില്ല. കഴിഞ്ഞ കളിയിൽ ഡൽഹി ക്യാപിറ്റൽസിനോട് തോറ്റ ബാംഗ്ലൂരിന്‍റെ പ്ലേഓഫ് സാധ്യതകൾ അവസാനിച്ചിരുന്നു.
ഒന്നും നഷ്ടപ്പെടാനില്ലാത്ത ബാംഗ്ലൂരിന് ഇനിയുള്ള രണ്ട് മത്സരങ്ങളിലും ജയിച്ച് ആശ്വാസജയം സ്വന്തമാക്കുക മാത്രമായിരിക്കും ലക്ഷ്യം. മികച്ച ബാറ്റിംഗ് നിരയുണ്ടെങ്കിലും സ്ഥിരതയില്ലാത്തതാണ് സീസണിൽ തിരിച്ചടിയായത്. വിരാട് കോലിക്കൊപ്പം പാര്‍ഥിവ് പട്ടേലും ഭേദപ്പെട്ട നിലയിൽ ബാറ്റ് വീശുമ്പോൾ എ.ബി ഡിവില്ലിയേഴ്‌സ്, സ്‌റ്റോയിനിസ് എന്നിവരുടെ സ്ഥിരതയില്ലായ്മ ടീമിന് തലവേദനയാകുന്നു. സൂപ്പർതാരം മോയിന്‍ അലി നാട്ടിലേക്ക് മടങ്ങിയത് ആർസിബിക്ക് തിരിച്ചടിയായി. ബൗളിംഗില്‍ യുസ്വേന്ദ്ര ചാഹലും നവദീപ് സൈനിയും മികച്ച രീതിയിൽ പന്തെറിയുമ്പോൾ ഉമേഷ് യാദവ്, ടിം സൗത്തി, മുഹമ്മദ് സിറാജ് എന്നിവരെല്ലാം വലിയ പരാജയങ്ങളായി മാറുന്നു.
12 മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും ഏഴ് തോല്‍വിയുമടക്കം 10 പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍. എങ്കിലും ഇനിയുള്ള രണ്ട് മത്സരങ്ങളിലും ജയിച്ചാൽ റോയൽസിന് പ്ലേഓഫ് സാധ്യത നിലനിർത്താം. എന്നാൽ മറ്റ് ടീമുകളുടെ മത്സര ഫലം ആശ്രയിച്ചായിരിക്കും അവരുടെ പ്ലേഓഫ് യോഗ്യത നിലനിൽക്കുന്നത്. ഇന്നത്തെ മത്സരത്തിന് ശേഷം നായകൻ സ്റ്റീവ് സ്മിത്ത്, ജോഫ്രാ ആർച്ചർ ഉൾപ്പടെയുള്ള പ്രമുഖ വിദേശതാരങ്ങള്‍ നാട്ടിലേക്ക് മടങ്ങും. അതുകൊണ്ട് ഇന്നത്തെ മത്സരത്തിൽ ജയിച്ച് പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കാനാകും രാജസ്ഥാന്‍റെ ശ്രമം. ബാറ്റിംഗ് നിര ഫോമിലേക്ക് ഉയർന്നത് രാജസ്ഥാന് ആത്മവിശ്വാസം ഉയർത്തുന്നു. സീസണില്‍ ആദ്യം ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ഏഴ് വിക്കറ്റിന് ബാംഗ്ലൂരിനെ രാജസ്ഥാൻ പരാജയപ്പെടുത്തിയിരുന്നു.