ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ്-കിങ്സ് ഇലവൻ പഞ്ചാബിനെ നേരിടും. പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇരു ടീമും ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ചെന്നൈ മുംബൈയോട് പരാജയപ്പെട്ടിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെ കഴിഞ്ഞ മത്സരത്തില്‍ കീഴടക്കിയ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് ഇറങ്ങുന്നത്.
വാട്സൺ, റെയ്ന,റായുഡു തുടങ്ങിയവരുടെ പരിചയ സമ്പത്താണ് ധോണി നയിക്കുന്ന ചെന്നൈയുടെ കരുത്ത്. ഫോം കണ്ടെത്താന്‍ കഴിയാത്ത വാട്‌സണെ പുറത്തിരുത്തി ഫാഫ് ഡുപ്ലെസിസിന് ഇന്നത്തെ മത്സരത്തില്‍ അവസരം നല്‍കിയേക്കും. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ പരിക്കേറ്റ ഡ്വെയിൻ ബ്രാവോയ്ക്ക് കളിക്കാനാവാത്തത് ചെന്നൈക്ക് തിരിച്ചടിയാവും.
എന്നാൽ മറുഭാഗത്ത് ക്രിസ് ഗെയിൽ, കെ.എൽ രാഹുൽ, മായങ്ക് അഗർവാൾ, സാം കറൺ തുടങ്ങിയവരിലാണ് അശ്വിൻ നയിക്കുന്ന പഞ്ചാബിന്‍റെ പ്രതീക്ഷ. ചെന്നൈയുടെ മുൻ താരമായിരുന്ന അശ്വിൻ ഏറെ പ്രതീക്ഷയോടെയാണ് ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്. ഓള്‍റൗണ്ട് പ്രകടനമാണ് ഇത്തവണ പഞ്ചാബിന്‍റെ ശക്തി. കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ക്രിസ് ഗെയിൽ ഇന്നത്തെ മത്സരത്തിൽ തിരിച്ചെത്തും. മുഹമ്മദ് ഷമി, മുജീബുര്‍ റഹ്മാന്‍, അശ്വിൻ എന്നിവർ ബൗളിംഗിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നുണ്ട്.
ഇരുടീമുകളും ഇതുവരെ 20 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 12 കളിയിൽ ചെന്നൈയും എട്ട് കളിയിൽ പഞ്ചാബും വിജയിച്ചു. ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ വൈകിട്ട് നാല് മണിക്കാണ് മത്സരം.