ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ കിംഗ്സ് ഇലവൻ പഞ്ചാബിന് വിജയത്തുടക്കം. ഇന്നലെ നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ കിംഗ്സ് ഇലവൻ പതിനാല് റണ്‍സിന് പരാജയപ്പെടുത്തി.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയര്‍ത്തിയ 185 റണ്‍സ് പിന്‍തുടര്‍ന്ന രാജസ്ഥാന് 9 വിക്കറ്റ് നഷ്ടത്തില്‍170 ല്‍ എത്താനെ കഴിഞ്ഞുള്ളൂ. ബാറ്റിംഗില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിരയും വാലറ്റവും വേഗം കൂടാരം കയറിയത് രാജസ്ഥാന് തിരിച്ചടിയായി. 69 റണ്‍സെടുത്ത ജോസ് ബട്ട്ലറാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. പഞ്ചാബിനായി സാം കരണ്‍, മുജീബ് അല്‍ റഹ്മാന്‍, അന്‍കിത് രാജ്പൂത് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി കരീബിയന്‍ താരം ക്രിസ്റ്റ് ഗെയില്‍, സര്‍ഫാസ് ഖാന്‍ എന്നിവര്‍ തിളങ്ങി. 47 പന്തില്‍ നിന്ന് എട്ട് ഫോറും 4 സിക്സും ഉള്‍പ്പെടെ ഗെയില്‍ 79 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ 29 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത് സര്‍ഫാസും മികച്ച പിന്തുണ നല്‍കി.
രാജസ്ഥാനായി ബെന്‍സ്റ്റോക്സ് രണ്ട് വിക്കറ്റുകള്‍ നേടി. അതേ സമയം മത്സരത്തിനിടെ പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍ ബട്ട്ലറെ മങ്കാദിങിലൂടെ പുറത്താക്കിയത് വിവാദമായി. പതിമൂന്നാം ഓവറിലെ അവസാന പന്തിലാണ് രാജസ്ഥാന്‍റെ ടോപ് സ്കോററായ ബട്ട്ലറെ അശ്വിന്‍ മങ്കാദിങിലൂടെ പുറത്താക്കിയത്. ബൗളിംഗിനായി തയ്യാറെടുത്ത വന്ന അശ്വിൻ നോൺ സ്ട്രൈക്കിംഗ് എന്‍ഡില്‍ ക്രീസിന് വെളിയില്‍ നില്‍ക്കുന്ന ബട്ട്ലറെ സ്റ്റംപ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് മൂന്നാം അംപയറാണ് പഞ്ചാബിന് വിക്കറ്റ് അനുവദിച്ചത്. ക്രിസ് ഗെയില്‍ ആണ് മാൻ ഓഫ് ദ മാച്ച്.