ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 46 റണ്‍സിന് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ്. നായകന്‍ ധോണിയില്ലാതെ കളിക്കാനിറങ്ങിയ ചെന്നൈക്ക് ബാറ്റിംഗില്‍ വന്ന പിഴവുകളാണ് പരാജയത്തിലേക്ക് നയിച്ചത്. ക്രീസിലിറങ്ങിയ പത്ത് ബാറ്റ്സ്മാന്‍മാരില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ സാധിച്ചത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് നായകന്‍ രോഹിത് ശര്‍മ്മ നല്‍കിയ മികച്ച തുടക്കത്തിന്‍റെ പിന്‍ബലത്തിലാണ് 155 എന്ന സ്കോറില്‍ എത്തിയത്. 48 പന്തുകള്‍ നേരിട്ട രോഹിത് മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പെടെയാണ് 67 റണ്‍സ് നേടിയത്. നാല് വിക്കറ്റുകള്‍ മാത്രമായിരുന്നു മുംബൈക്ക് നഷ്ടമായത് എങ്കിലും അവസാന ഓവറുകള്‍ അധികം റണ്‍സ് സ്കോര്‍ ചെയ്യാന്‍ മുംബൈക്ക് സാധിച്ചില്ല. ഇത് ചെന്നൈയുടെ തോല്‍വിയുടെ ആഴം കുറക്കാന്‍ സഹായിച്ചു.
അതേ സമയം നായകന്‍ ധോണിയുടെ അഭാവത്തില്‍ സുരേഷ് റെയ്നയാണ് ചെന്നൈയെ നയിച്ചത്. ഓപ്പണര്‍ മുരളി വിജയ് മാത്രമാണ് ചെന്നൈക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. 38 റണ്‍സായിരുന്നു മുരളി വിജയുടെ സംഭാവന. ലസിത് മലിംഗ നേതൃത്വം നല്‍കിയ മുംബൈ ബൗളിംഗ് നിരയോട് കിടപിടിക്കാന്‍ സാധിക്കാതെ ഭൂരിപക്ഷം ചെന്നൈ ബാറ്റ്സ്മാന്‍മാരും ഒന്നിന് പുറകെ ഒന്നായി കൂടാരം കയറി. 17.4 ഓവര്‍ പിന്നിടുമ്പോള്‍ തന്നെ 109 റണ്‍സിന് ചൈന്നൈയുടെ മുഴുവന്‍ വിക്കറ്റുകളും നഷ്ടപ്പെട്ടിരുന്നു.
മുംബൈക്കായി മലിംഗ നാല് വിക്കറ്റുകള്‍ വീഴ്ത്തി. ക്രുണാല്‍ പാണ്ഡ്യയും ജസ്പ്രീത് ഭൂംമ്രയും രണ്ട് വീതവും ഹാര്‍ദിക് പാണ്ഡ്യ, അനുകുല്‍ റോയ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും 16 പോയിന്‍റുമായി ചെന്നൈ തന്നെയാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത്. 14 പോയിന്‍റുമായി മുംബൈയാണ് രണ്ടാമത്.