മുംബൈ: കിംഗ്സ് ഇലവൻ പഞ്ചാബിന്‍റെ സഹ ഉടമയായ നെസ് വാദിയ്ക്ക് തടവ് ശിക്ഷ ലഭിച്ച സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ബിസിസിഐ. പഞ്ചാബിനെ ഐപിഎല്ലില്‍ നിന്ന് വിലക്കിയേക്കുമെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് ബിസിസിഐ നടപടി.
നെസ് വാദിയ മയക്കുമരുന്ന് കൈവശം വച്ചതിനെ തുടർന്ന് ജപ്പാന്‍ കോടതി രണ്ട് വർഷത്തെ തടവിനാണ് ശിക്ഷ വിധിച്ചത്. ജപ്പാൻ ദ്വീപായ ഹോക്കൈഡോയിലെ ചിറ്റോസ് വിമാനത്താവളത്തില്‍ വച്ചാണ് 25 ഗ്രാം കഞ്ചാവ് ഓയിലുമായി നെസിനെ പിടികൂടിയത്. കത്തില്‍ പഞ്ചാബിന്‍റെ വിശദീകരണം ലഭിച്ചതിന് ശേഷം ഫ്രാഞ്ചൈസിക്കെതിരായ നടപടി ബിസിസിഐ സ്വീകരിക്കും. ഐപിഎല്‍ നിയമപ്രകാരം ടീം ഒഫിഷ്യല്‍സ് ടീമിനെയോ ലീഗിനെയോ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ പാടില്ല. തെറ്റുകാരനാണെന്ന് കണ്ടെത്തിയാല്‍ ആ ടീമിനെ സസ്പെന്‍ഡ് ചെയ്യാനോ ടെര്‍മിനേറ്റ് ചെയ്യാനോ സാധിക്കും.
ചെന്നൈ സൂപ്പര്‍ കിംഗ്സും രാജസ്ഥാന്‍ റോയല്‍സും ഇത്തരം കാരണങ്ങളാല്‍ രണ്ട് വര്‍ഷത്തെ വിലക്ക് നേരിട്ടിരുന്നു. വ്യവസായിയായ നുസ്ലി വാദിയയുടെ മൂത്തമകനാണ് നെസ് വാദിയ. 283 ഗ്രൂപ്പുകളിലായി പടർന്നുകിടക്കുന്ന വാദിയ ഗ്രൂപ്പിന്‍റെ അവകാശി കൂടിയാണ് നെസ്.