ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പന്ത്രണ്ടാം സീസണില്‍ ഏറെ പ്രതീക്ഷയോടെയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇറങ്ങിയത്. എന്നാല്‍ ഇതുവരെ കളിച്ച നാല് മത്സരങ്ങളിലും തോല്‍വിയേറ്റു വാങ്ങിയ ബാംഗ്ലൂർ അപ്രതീക്ഷിത തിരിച്ചടിയാണ് നേരിട്ടത്. നിലവിലെ പോയിന്‍റ് പട്ടികയില്‍ അവസാനസ്ഥാനത്താണ് വിരാട് കോലിയും സംഘവും. നിലവിലെ പ്ലേയിംഗ് ഇലവനില്‍ ചില മാറ്റങ്ങൾ കൊണ്ടുവന്നാല്‍ മാത്രമേ ബാംഗ്ലൂരിന് ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാനാകൂ.
![APT PLAYING 11 FOR RCB , റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഐപിഎല്‍ 2019 , കോലി, ഡിവില്ലിയേഴ്സ്](https://etvbharatimages.akamaized.net/etvbharat/images/rcb1_0504newsroom_00422_85.jpg)
ബാറ്റ്സ്മാൻമാർക്ക് പുറമേ ബൗളർമാരും മോശം പ്രകടനം കാഴ്ചവച്ചതോടെ റോയല്‍ ചലഞ്ചേഴ്സ് വൻ തിരിച്ചടിയാണ് കഴിഞ്ഞ നാല് മത്സരങ്ങളിലും നേരിട്ടത്. കോലിയേയും ഡിവില്ലിയേഴ്സിനെയും പോലെയുള്ള മികച്ച താരങ്ങളുണ്ടായിട്ടും ആർസിബി പ്രതിസന്ധി നേരിടുന്നുവെങ്കില്‍ മികച്ച പ്ലേയിംഗ് ഇലവനെ കണ്ടെത്താൻ അവർ പരാജയപ്പെടുന്നതാണ് അതിന്‍റെ കാരണം.
ഓപ്പണർമാരായി പാർഥിവ് പട്ടേലിനെയും ഓസ്ട്രേലിയൻ താരം മാർക്കസ് സ്റ്റോയിണിസിനെയും ബാംഗ്ലൂരിന് പരീക്ഷിക്കാവുന്നതാണ്. നായകൻ വിരാട് കോലി ഓപ്പണറായി ഇറങ്ങുന്നത് ടീമിന്‍റെ മധ്യനിരയെ ദുർബലമാക്കുന്നു. കഴിഞ്ഞ മത്സരങ്ങളിലെല്ലാം സ്ഥിരതയോടെ കളിക്കാൻ പാർഥിവ് പട്ടേലിന് കഴിഞ്ഞു. അതേസമയം ഓസ്ട്രേലിയൻ താരം സ്റ്റോയിണിസ് ഓപ്പണറായി തിളങ്ങിയിട്ടുള്ള താരമാണ്. ബിഗ് ബാഷ് ലീഗില്‍ മെല്‍ബൺ സ്റ്റാർസിനായി ഓപ്പണറായി കളിച്ച സ്റ്റോയിണിസ് 13 മത്സരങ്ങളില്‍ നിന്ന് 533 റൺസാണ് നേടിയത്.
മധ്യനിരയില്‍ നായകൻ വിരാട് കോലി, എബി ഡിവില്ലിയേഴ്സ്, വാഷിംഗ്ടൺ സുന്ദർ, ശിവം ഡൂബെ എന്നിവർ മൂന്ന് മുതല്‍ ആറ് വരെയുള്ള സ്ഥാനങ്ങളില്‍ കളിക്കണം. കോടികൾ മുടക്കി ബാംഗ്ലൂർ സ്വന്തമാക്കിയ വെസ്റ്റ് ഇൻഡീസ് താരം ഷിമ്രോൻ ഹെറ്റ്മയർ നാല് മത്സരങ്ങളില്‍ നിന്ന് നേടിയത് 15 റൺസാണ്. അതുകൊണ്ട് ഹെറ്റ്മയറിനെ അന്തിമ ഇലവനില്‍ നിന്ന് ഒഴിവാക്കണം. കഴിഞ്ഞ നാല് മത്സരങ്ങളിലും അവസരം ലഭിക്കാത്ത ഇന്ത്യൻ യുവതാരം വാഷിംഗ്ടൺ സുന്ദറിന് ബാംഗ്ലൂർ അവസരം നല്‍കേണ്ടതുണ്ട്. ശിവം ഡൂബെയ്ക്ക് മൂന്ന് മത്സരങ്ങളില്‍ അവസരം നല്‍കിയെങ്കിലും 16 റൺസെടുക്കാനെ താരത്തിന് കഴിഞ്ഞുള്ളു. എന്നാല്‍ ആഭ്യന്തര മത്സരങ്ങളില്‍ തകർപ്പൻ ബാറ്റിംഗ് കാഴ്ചവച്ച ഡൂബെയ്ക്ക് ഇനിയും അവസരം നല്‍കാം.
ബൗളിംഗില്‍ കോൾട്ടർനൈല്‍, ടിം സൗത്തി, ചാഹല്‍, മുഹമ്മദ് സിറാജ്, പവൻ നെഗി എന്നിവർ പ്ലെയിംഗ് ഇലവനില്‍ സ്ഥാനമർഹിക്കുന്നു. ഈ സീസണില്‍ ദയനീയ പ്രകടനം കാഴ്ചവച്ച ഇന്ത്യൻ പേസർ ഉമേഷ് യാദവിനെ അന്തിമ ഇലവനില്‍ പരിഗണിക്കേണ്ടതില്ല. ടിം സൗത്തി, നാഥൻ കോൾട്ടർ നൈല്‍, സിറാജ് എന്നിവർ പേസ് നിരയെ നയിക്കുമ്പോൾ പവൻ നെഗി, ചാഹല്‍ എന്നിവർ സ്പിൻ വിഭാഗം കൈകാര്യം ചെയ്യും.