ന്യൂഡല്‍ഹി: 2011ല്‍ വാംഖഡെയില്‍ ലോകകപ്പ് സ്വന്തമാക്കിയതാണ് ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മനോഹര ദിവസമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. കപില്‍ദേവ് ലോകകപ്പ് സ്വന്തമാക്കിയത് ടെലിവിഷന് മുന്നില്‍ ആസ്വദിച്ച സച്ചിന്‍ താന്‍ ലോകകപ്പ് ഉയര്‍ത്തുന്ന ദിവസത്തിനായി കാത്തിരുന്നു. 2011ല്‍ മഹേന്ദ്രസിങ് ധോണിയും കൂട്ടരും ശ്രീലങ്കക്കെതിരെ ഫൈനല്‍ കളിക്കാന്‍ ഇറങ്ങിയപ്പോള്‍ ആ സ്വപ്‌നം യാഥാര്‍ഥ്യമായി. ലോകകപ്പ് സ്വന്തമാക്കി ഒരു ദശാബ്‌ദം പിന്നിടുമ്പോഴാണ് സച്ചിന്‍ അനുഭവം പങ്കുവെച്ചത്.
1983ല്‍ കപില്‍ ദേവ് ലോകകപ്പ് സ്വന്തമാക്കിയത് അവിശ്വസനീയമായ അനുഭവമായിരുന്നു. സച്ചിന്‍ പറയുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം താന്‍ ആ നിമിഷം ആസ്വദിച്ചു. ആ സ്വപ്‌നം പിന്തുടരാന്‍ ആഗ്രഹിച്ചു. ഒരു ദിവസം അത് യാഥാര്‍ത്ഥ്യമാക്കുമെന്ന് ഉറച്ച് വിശ്വസിച്ചു. ആ ലക്ഷ്യവും സ്വപ്‌നവും പിന്തുടര്‍ന്നു.
മുംബൈ വാംഖഡെയിലെ ഫൈനല്‍ അവിസ്‌മരണീയമായ അനുഭവമാണ് സമ്മാനിച്ചത്. ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ ദിവസമായിരുന്നു അത്. എത്ര തവണ രാജ്യം അത് ആഘോഷിച്ചു. തന്‍റെ നേട്ടങ്ങള്‍ രാജ്യം മുഴുവന്‍ കൊണ്ടാടി.
കൂടുതല്‍ വായനക്ക്: പരിശീലക വേഷത്തില്‍ പഴയ പ്രഭാവമില്ല; സിദാന്‍ വീണ്ടും റയലിന്‍റെ പടിയിറങ്ങുന്നു
വിജയാഘോഷങ്ങള്‍ക്കിടെ വിരാട് കോലിയും യുസുഫ് പത്താനം ചേര്‍ന്ന് തന്നെ എടുത്തുയര്‍ത്തി. താഴെ വീഴാതെ സൂക്ഷിക്കണമെന്ന് താന്‍ അവരോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ടീമല്ല അന്ന് ലോകകപ്പ് സ്വന്തമാക്കിയത് ഈ രാജ്യം മുഴുവനുമായിരുന്നു. നാം എല്ലാവരും ചേര്‍ന്നാണ് ലോകകപ്പ് സ്വന്തമാക്കിയതെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.