ചെന്നൈ: ഇന്ത്യക്കെതിരെ ചെന്നൈയില്‍ ഇറങ്ങുമ്പോള്‍ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട് മറ്റൊരു നാഴികക്കല്ല് കൂടി സ്വന്തമാക്കും. 100 ടെസ്റ്റുകള്‍ കളിക്കുന്ന ഇംഗ്ലീഷ് താരമെന്ന നേട്ടമാണ് ചെന്നൈയിലെ ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ ജോ റൂട്ടിനെ കാത്തിരിക്കുന്നത്. ഇതിന് മുമ്പ് 14 ഇംഗ്ലീഷ് താരങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയത്.
മറ്റൊരു നേട്ടം കൂടി റൂട്ടിനെ കാത്തിരിക്കുന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ 20 സെഞ്ച്വറികളെന്ന റെക്കോഡ് സ്വന്തമാക്കാന്‍ ഒരു സെഞ്ച്വറി കൂടി റൂട്ട് സ്വന്തമാക്കിയാല്‍ മതി. ശ്രീലങ്കക്കെതിരായ പരമ്പരയിലെ ടോപ്പ് സ്‌കോററായ റൂട്ട് ഇന്ത്യയിലും സമാന പെര്‍ഫോമന്‍സ് തുടരാനാണ് സാധ്യത. ലങ്കയിലെ ആദ്യ മത്സരത്തില്‍ റൂട്ട് ഇരട്ട സെഞ്ച്വറിയോടെ 228 റണ്‍സെടുത്തപ്പോള്‍ രണ്ടാമത്തെ മത്സരത്തില്‍ സെഞ്ച്വറിയോടെ 186 റണ്‍സെടുത്തും തിളങ്ങി.
ഇരട്ട സെഞ്ച്വറിയോടെ 254 റണ്‍സെടുത്തതാണ് ജോ റൂട്ടിന്‍റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 2016ല്‍ പാകിസ്ഥാനെതിരെ ഓള്‍ഡ് ട്രാഫോഡലായിരുന്നു ജോ റൂട്ടിന്‍റെ റെക്കോഡ് പ്രകടനം. 2012ല്‍ ഇന്ത്യക്കെതിരെ നാഗ്‌പൂരിലായിരുന്നു ജോ റൂട്ടിന്‍റെ പ്രഥമ ടെസ്റ്റ് മത്സരം. ആദ്യ ടെസ്റ്റില്‍ തന്നെ അര്‍ദ്ധസെഞ്ച്വറിയോടെ 73 റണ്‍സെടുത്ത് തിളങ്ങാനും ഇന്നത്തെ ഇംഗ്ലീഷ് ടീമിന്‍റെ നായകന് സാധിച്ചു.
ശ്രീലങ്കന്‍ പര്യടനത്തിന് ശേഷം ഇന്ത്യയിലെത്തുമ്പോള്‍ ജോ റൂട്ടും കൂട്ടരും പൂര്‍ണ ആത്മവിശ്വാസത്തിലാണ്. 2-0ത്തിനാണ് ലങ്കയില്‍ പരമ്പര തൂത്തുവാരിയത്. ഏഴ് വർഷങ്ങൾക്ക് ശേഷം ഇന്ത്യയില്‍ ഒരു പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലീഷ് സംഘം ഇന്ത്യയിലെത്തുന്നത്.
2012-13 വർഷത്തില്‍ നാല് മത്സരങ്ങളുള്ള പരമ്പര 2-1നാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ആദ്യ മത്സരം സമനിലയായപ്പോള്‍ തുടര്‍ന്നുള്ള രണ്ട് മത്സരവും ഇംഗ്ലണ്ട് ജയിച്ചു. അഹമ്മദാബാദില്‍ നടന്ന അവസാന മത്സരത്തിലാണ് ഇന്ത്യക്ക് ആശ്വാസ ജയം സ്വന്തമാക്കാനായത്. അന്ന് കളിച്ചവരില്‍ ജോണി ബെയര്‍സ്റ്റോ, ജയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ടോ ബ്രോഡ് എന്നിവരാണ് ഇംഗ്ലീഷ് ടീമിലുള്ളത്.