ലണ്ടന്‍: ഇംഗ്ലണ്ടില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ പ്രകടനത്തില്‍ പ്രതികരണവുമായി ബാറ്റിങ് കോച്ച് വിക്രം റാത്തോർ. രഹാനെയുടെ ഫോമില്‍ ആശങ്കയില്ല. ക്രിക്കറ്റില്‍ ഓരാള്‍ ഫോമൗട്ടാവുക സാധാരണയാണെന്നും അത്തരം സമയങ്ങളില്‍ ഒരു ടീമെന്ന നിലയില്‍ അവരെ പിന്തുണയ്‌ക്കുകയാണ് ചെയ്യേണ്ടതെന്നും റാത്തോർ പറഞ്ഞു.
''നീണ്ട കാലത്തേക്ക് ക്രിക്കറ്റ് കളിക്കുമ്പോൾ റൺ കണ്ടെത്താൻ കഴിയാത്ത ചില സമയങ്ങളുണ്ടാവും. ഒരു ടീമെന്ന നിലയിൽ അയാള്‍ക്ക് കഴിയുന്നത്ര പിന്തുണ നല്‍കുകയാണ് വേണ്ടത്. പൂജാരയുടെ കാര്യത്തില്‍ നമ്മള്‍ ഇതാണ് കണ്ടത്. കൂടുതല്‍ അവസരങ്ങൾ ലഭിച്ചപ്പോള്‍ അദ്ദേഹം തിരികെവന്നു.
ചില മികച്ച ഇന്നിങ്സ് കളിക്കുകയും ചെയ്‌തു. രഹാനെയും ഫോമിലേക്ക് തിരിച്ചുവരുമെന്നും ടീമിന്‍റെ ബാറ്റിങ് നിരയില്‍ ഒരു പ്രധാന പങ്ക് വഹിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. താരത്തിന്‍റെ ഫോമില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ” റാത്തോർ പറഞ്ഞു.
രാഹാനെയുടെ ഫോമില്ലായ്മ ബാറ്റിങ് നിരയെ ബാധിക്കില്ലെന്നും ഇന്ത്യയുടേത് മികച്ച ബാറ്റിങ് നിരയാണെന്നും റാത്തോര്‍ കൂട്ടിച്ചേര്‍ത്തു. രഹാനെ തിരിച്ചുവരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പല നിര്‍ണായക മത്സരങ്ങളിലും മിന്നുന്ന താരമാണ് രാഹാനെ. ടീമില്‍ നിന്നും പുറത്താക്കുന്നതിന് പകരം താരത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ് ചെയ്യേണ്ടതെന്നും റാത്തോര്‍ പറഞ്ഞു.
also read: പാരാലിമ്പിക്‌സില്‍ ഇന്ത്യൻ ചരിത്രം; ടോക്കിയോയില്‍ നിന്ന് 19 മെഡലുകളുമായി മടക്കം
ഇംഗ്ലണ്ട് പര്യടനത്തില്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന രഹാനെയ്ക്കെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് താരത്തെ പിന്തുണച്ച് റാത്തോര്‍ രംഗത്തെത്തിയത്. അതേസമയം നാല് ടെസ്റ്റുകളില്‍ നിന്നും 15.57 ശരാശരിയില്‍ വെറും 109 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്.