ചെന്നൈ: കരിയറിലെ 100-ാം ടെസ്റ്റില്‍ സെഞ്ച്വറി സ്വന്തമാക്കുന്ന ഒമ്പതാമത്തെ ബാറ്റ്‌സ്‌മാനായി ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട്. ഇന്ത്യക്കെതിരായ ചെന്നൈ ടെസ്റ്റിലാണ് റൂട്ടിന്‍റെ നേട്ടം. ഇതിന് മുമ്പ് 2004ല്‍ അലക്‌സ് സ്റ്റുവര്‍ട്ടും 1968ല്‍ കോളിന്‍ കൗഡിയുമാണ് ഇംഗ്ലണ്ടിന് വേണ്ടി ഈ നേട്ടം സ്വന്തമാക്കിയത്. ചെന്നൈയില്‍ ഇംഗ്ലണ്ടിന് വേണ്ടി ഇന്നിങ്സ് പടുത്തുയര്‍ത്തിയ നായകന്‍ റൂട്ട് 164 പന്തുകളില്‍ നിന്നും 12 ബൗണ്ടറി ഉള്‍പ്പെടെയാണ് സെഞ്ച്വറി സ്വന്തമാക്കിയത്.
100-ാം ടെസ്റ്റില്‍ സെഞ്ച്വറി അടിച്ച മറ്റ് അന്താരാഷ്‌ട്ര താരങ്ങള്‍:
1968ല്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ സെഞ്ച്വറിയോടെ 104 റണ്‍സെടുത്ത ഇംഗ്ലീഷ് താരം കോളിന്‍ കൗഡിയാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. തൊട്ടടുത്ത വര്‍ഷം പാകിസ്ഥാന്‍ താരം ജാവേദ് മിയാന്‍ദാദും 1990ല്‍ വിന്‍ഡീസിന്‍റെ ജോര്‍ദന്‍ ഗ്രീനിഡ്‌ജും 2000ത്തില്‍ ഇംഗ്ലീഷ് ബാറ്റ്സ്‌മാന്‍ അലക്‌സ് സ്റ്റുവര്‍ട്ടും 2004ല്‍ പാകിസ്ഥാന്‍റെ ഇൻസമാം ഉള്‍ ഹഖും 2006ല്‍ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്ങും 2012ല്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിന്‍ സ്‌മിത്തും 2017ല്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം ആംലയും ഈ നേട്ടം സ്വന്തമാക്കി.
കൂടുതല്‍ വായനക്ക്: നൂറാം ടെസ്റ്റില്‍ സെഞ്ച്വറിയുമായി ജോ റൂട്ട്; ആദ്യ ദിനം മൂന്ന് വിക്കറ്റിന് 263 റണ്‍സ്
ഇതിനകം 19 ടെസ്റ്റ് സെഞ്ച്വറികള്‍ സ്വന്തമാക്കിയ റൂട്ട് ഈ കലണ്ടര്‍ വര്‍ഷം സ്വന്തമാക്കുന്ന മൂന്നാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് ചെന്നൈയില്‍ നേടിയത്. ശ്രീലങ്കന്‍ പര്യടനത്തിലാണ് റൂട്ട് ഇതിന് മുമ്പ് രണ്ട് തവണ സെഞ്ച്വറി സ്വന്തമാക്കിയത്. പരമ്പര 2-0ത്തിന് ഇംഗ്ലണ്ട് സ്വന്തമാക്കി.