ബ്രിസ്റ്റോള്‍: ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ടെസ്റ്റ് കളിക്കാന്‍ ഇറങ്ങുകയാണ്. ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ മിതാലി രാജിന്‍റെ നേതൃത്വത്തിലാണ് പോരാട്ടം. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ഏക വനിത മിതാലിയാണ്. 2002ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തില്‍ 2014 റണ്‍സാണ് മിതാലിയുടെ ബാറ്റില്‍ നിന്നും പിറന്നത്. ഇന്ത്യ അവസാനമായി ടെസ്റ്റ് കളിച്ചതും അന്നായിരുന്നു.
സമാന നേട്ടം ഇന്ത്യന്‍ നായിക ഇത്തവണയും ആവര്‍ത്തിച്ചാല്‍ ടീം ഇന്ത്യയുടെ പ്രതീക്ഷകള്‍ വീണ്ടും സജീവമാകും. കൂടെ ചില റെക്കോഡുകളും. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരമെന്ന നേട്ടമാണ് മിതാലിയെ കാത്തിരിക്കുന്നത്. മിതാലിക്ക് ശേഷം ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്‍റ മുഖമായി ഹര്‍മന്‍ പ്രീത് കൗര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ എത്തിയെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ അവര്‍ക്കെല്ലാം ഒരു പടി മുന്നിലാണ് മിതാലി. നിലവില്‍ കളിക്കുന്നവരില്‍ മീഡിയം പേസര്‍ ജുലന്‍ ഗോസ്വാമി മാത്രമാണ് മിതാലിക്കൊപ്പം ഇപ്പോഴും ടെസ്റ്റ് കളിക്കുന്നത്.
ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കാന്‍ മിതാലി
ബ്രിസ്റ്റൊളില്‍ 38 റണ്‍സ് കൂടി നേടിയാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്ന മൂന്നാമത്തെ വനിതാ താരമെന്ന നേട്ടം മിതാലിക്ക് സ്വന്തമാക്കാം. 700 റണ്‍സ് അക്കൗണ്ടിലുള്ള ശുഭാഗ്നി കുല്‍ക്കര്‍ണിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. നിലവില്‍ 663 റണ്‍സെടുത്ത മിതലാ പട്ടികയില്‍ നാലാം സ്ഥാനത്താണ്. 750 റണ്‍സെടുത്ത ശാന്ത രംഗസ്വാമിയാണ് പട്ടികയില്‍ രണ്ടാമത്. ഒന്നാം സ്ഥാനത്തുള്ള സന്ധ്യാ അഗര്‍വാളിന്‍റെ പേരില്‍ 1,110 റണ്‍സാണുള്ളത്. രണ്ടര പതിറ്റാണ്ടായി തകര്‍ക്കപ്പെടാത്ത റെക്കോഡ് മറികടക്കാനുള്ള അവസരമാണ് മിതലിക്ക് ലഭിച്ചിരിക്കുന്നത്.
ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഒരുങ്ങുന്ന ഇന്ത്യന്‍ വനിതാ സംഘം കങ്കാരുക്കളുടെ നാട്ടിലും ടെസ്റ്റ് കളിക്കും. ഓസിസ് മണ്ണിലെ ടെസ്റ്റിലും തകര്‍പ്പന്‍ പ്രകടനം തുടരാനായാല്‍ മിതാലിക്ക് സന്ധ്യാ അഗര്‍വാളിന്‍റെ റെക്കോഡ് തകര്‍ക്കാനാകും. അതോടെ ഇന്ത്യന്‍ വനിതാ ടെസ്റ്റ് ക്രിക്കറ്റിലെ ടോപ്പ് സ്‌കോററെന്ന നേട്ടം മിതാലിക്ക് സ്വന്തം പേരില്‍ കുറിക്കാനാകും.
99ല്‍ ക്രീസിലെത്തി; നായികയുടെ പടയോട്ടം
1999ല്‍ ഏകദിന ക്രിക്കറ്റിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ മിതാലി നിലവില്‍ ഏകദിന ടെസ്റ്റ് ക്രിക്കറ്റ് ഫോര്‍മാറ്റുകളില്‍ മാത്രമാണ് ഇന്ത്യക്ക് വേണ്ടി കളിക്കുന്നത്. രാജ്യാന്തര ക്രിക്കറില്‍ ഇതിനകം 313 മത്സരങ്ങളില്‍ കളിച്ച മിതാലി 10135 റണ്‍സ് അടിച്ചുകൂട്ടി. ടെസ്റ്റ് ക്രിക്കറ്റില്‍ 10 മത്സരങ്ങളില്‍ നിന്നും 633 റണ്‍സും ഏകദിനത്തില്‍ 7098 റണ്‍സും മിതാലി അടിച്ചുകൂട്ടി. 89 ടി20 മത്സരങ്ങളില്‍ നീലക്കുപ്പായം അണിഞ്ഞ മിതാലി രാജ്യാന്തര ക്രിക്കറ്റിലെ കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റില്‍ നിന്നും ഇതിനകം വിരമിച്ചു. 89 ടി20 മത്സരങ്ങള്‍ കളിച്ച മിതാലിയുടെ അക്കൗണ്ടില്‍ 2,364 റണ്‍സുണ്ട്.
കരിയറിന്‍റെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന മിതാലി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പമാണ്. മിതാലിയുടെ നേതൃത്വത്തില്‍ ടീം ഇന്ത്യ രണ്ട് തവണ ഏകദിന ലോകകപ്പിന്‍റെ ഫൈനലില്‍ കളിച്ചു. ഏകദിന ക്രിക്കറ്റില്‍ 6000 റണ്‍സ് തികക്കുന്ന പ്രഥമ വനിതാ താരമെന്ന നേട്ടവും മിതാലി സ്വന്തമാക്കി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി മിതാലി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്‍റെ ഭാഗമാണ്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം സജീവ സാന്നിധ്യമായ ആദ്യ താരമെന്ന നേട്ടവും മിതാലി ഇതോടെ സ്വന്തമാക്കി.