ന്യൂഡല്‍ഹി: ടി20 ക്രിക്കറ്റ് ലോകകപ്പിന് ഓസ്‌ട്രേലിയയില്‍ അരങ്ങ് ഉണര്‍ന്നിരിക്കുകയാണ്. കുട്ടി ക്രിക്കറ്റിലെ രാജാവാകാന്‍ വമ്പന്മാര്‍ പോരടിക്കുമ്പോള്‍ കളിക്കളത്തില്‍ വീറും വാശിയും ഏറും. 2007ല്‍ ആരംഭിച്ച ടൂര്‍ണമെന്‍റിന്‍റെ എട്ടാം പതിപ്പാണ് ഇക്കുറി നടക്കുന്നത്.
ഇന്ത്യ, പാകിസ്ഥാന്‍, ഇംഗ്ലണ്ട്, വെസ്‌റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ മാത്രമാണ് ഇതേവരെ ടി20 ലോകകപ്പ് ജേതാക്കളായിട്ടുള്ളത്. സ്വന്തം മണ്ണില്‍ ഓസ്‌ട്രേലിയയ്‌ക്ക് കിരീടം നിലനിര്‍ത്താന്‍ കഴിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അങ്ങനെയാണെങ്കില്‍ അപൂര്‍വമായൊരു റെക്കോഡ് കൂടിയാവുമത്. ടൂര്‍ണമെന്‍റിന്‍റെ കഴിഞ്ഞ പതിപ്പുകളിലെ രസകരമായ ചില റെക്കോഡുകളും കാര്യങ്ങളും അറിയാം.
- ഒന്നിലധികം തവണ ടി20 ലോകകപ്പ് ജേതാക്കളായ ഏക ടീമാണ് വെസ്റ്റ് ഇൻഡീസ്. 2012, 2016 പതിപ്പുകളിലാണ് വിന്‍ഡീസിന്‍റെ കിരീട നേട്ടം.
- ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയാണ് ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയെ വിക്കറ്റ് കീപ്പര്‍. 32 ഡിസ്‌മിസലുകളുമായാണ് എംഎസ് ധോണി റെക്കോഡിട്ടത്.
- ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം എബി ഡിവില്ലിയേഴ്‌സാണ് ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് നേടിയ താരം. 23 ക്യാച്ചുകളാണ് താരത്തിന്‍റെ പട്ടികയിലുള്ളത്.
- വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് ടൂര്‍ണമെന്‍റില്‍ ഒന്നിലധികം സെഞ്ച്വറികളുള്ള ഏക താരം. 2007ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും 2016ൽ ഇംഗ്ലണ്ടിനെതിരെയുമാണ് താരത്തിന്‍റെ സെഞ്ച്വറി പ്രകടനം.
- ആതിഥേയരായ ഒരു രാജ്യവും ഇതുവരെ ടി20 ലോകകപ്പ് നേടിയിട്ടില്ല. കൂടാതെ ചാമ്പ്യന്മാരായ ഒരൊറ്റ ടീമിനും കിരീടം നിലനിര്‍ത്താനുമായിട്ടില്ല.
- 2007ലെ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ സിംബാബ്‌വെയോട് അഞ്ച് വിക്കറ്റിന് തോറ്റിരുന്നു.
- ടി20 ലോകകപ്പിലെ ഏറ്റവും ഉയർന്ന ടീം സ്‌കോർ എന്ന റെക്കോഡ് ശ്രീലങ്കയുടെ പേരിലാണ്. 2007ൽ കെനിയയ്‌ക്കെതിരെ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 260 റണ്‍സ് നേടിയാണ് ലങ്ക റെക്കോഡിട്ടത്.
- ടി20 ലോകകപ്പില്‍ ഒരിന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകളും നേടിയ താരം ക്രിസ് ഗെയ്‌ലാണ്. 2016ൽ ഇംഗ്ലണ്ടിനെതിരെ 11 സിക്‌സറുകളടിച്ചാണ് വിന്‍ഡീസ് താരം റെക്കോഡിട്ടത്. ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകളെന്ന റെക്കോഡും നിലവില്‍ ഗെയ്‌ലിന് സ്വന്തമാണ്. വിവിധ പതിപ്പുകളിലായി 63 സിക്‌സുകളാണ് താരം അടിച്ച് കൂട്ടിയത്.
- ശ്രീലങ്കയുടെ മുന്‍ താരം മഹേല ജയവർധനെയാണ് ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. 1016 റൺസുമായാണ് ജയവർധനെ ഒന്നാമതുള്ളത്.
- ബംഗ്ലാദേശിന്‍റെ ഷാക്കിബ് അൽ ഹസനാണ് ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ ബോളര്‍. 41 വിക്കറ്റുകളാണ് താരത്തിന്‍റെ പട്ടികയിലുള്ളത്.
- ഓസ്‌ട്രേലിയൻ പേസർ ബ്രെറ്റ് ലീയാണ് ടി20 ലോകകപ്പിലെ ആദ്യ ഹാട്രിക് നേടിയത്. 2007ൽ ബംഗ്ലാദേശിനെതിരെയാണ് താരത്തിന്‍റെ പ്രകടനം.
- ടൂര്‍ണമെന്‍റിലെ ഏറ്റവും കുറഞ്ഞ ടോട്ടലെന്ന മോശം റെക്കോഡ് നെതര്‍ലന്‍ഡ്‌സിന്‍റെ പേരിലാണ്. 2014ല്‍ ശ്രീലങ്കയ്‌ക്കെതിര 39 റണ്‍സ് മാത്രാണ് സംഘത്തിന് നേടാന്‍ കഴിഞ്ഞത്.
- സ്‌പിന്നര്‍ ആര്‍ അശ്വിനാണ് ടൂര്‍ണമെന്‍റില്‍ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരം. വിവിധ പതിപ്പുകളിലായി 26 വിക്കറ്റുകളുമായാണ് താരം പട്ടികയില്‍ മുന്നിലെത്തിയത്.