കൊൽക്കത്ത : നടുവേദന കാരണം വരാനിരിക്കുന്ന ഐപിഎൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ സൂപ്പർ താരം ശ്രേയസ് അയ്യർക്ക് നഷ്‌ടമാകുമെന്ന വാർത്ത ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. താരത്തിന്‍റെ പരിക്ക് ഗുരുതരമാണെന്നും ശസ്‌ത്രക്രിയ വേണമെന്നുമായിരുന്നു ബിസിസിഐ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആരാധകർക്ക് ആവേശം നൽകി ശ്രേയസ് അയ്യർ ഈ സീസണ്‍ ഐപിഎല്ലിൽ കളിക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ഐപിഎല്ലിലും വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും പങ്കെടുക്കുന്നതിനായി ശസ്‌ത്രക്രിയ ഒഴിവാക്കി വിശ്രമത്തിലൂടെയും, മറ്റ് ചികിത്സകളിലൂടെയും പരിക്ക് ഭേദമാക്കാനാണ് താരത്തിന്‍റെ തീരുമാനം. അതിനാൽ തന്നെ പരിക്കിൽ നിന്ന് മുക്‌തനായാൽ സീസണിലെ രണ്ടാം ഘട്ടത്തിൽ ടീമിനൊപ്പം ശ്രേയസ് അയ്യർക്ക് ചേരാനാകും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ശസ്‌ത്രക്രിയക്ക് വിധേയനായാൽ കുറഞ്ഞത് 5 മുതൽ 7 മാസം വരെ ശ്രേയസിന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരും. എന്നാൽ ഇത് ഒഴിവാക്കുന്നതിലൂടെ ഏപ്രിൽ അവസാനത്തോടെ കളിക്കളത്തിലേക്ക് തിരിച്ചെത്താമെന്നാണ് താരത്തിന്‍റെ കണക്കുകൂട്ടൽ. ശേഷം ഏകദിന ലോകകപ്പിന് പിന്നാലെ ശസ്‌ത്രക്രിയയ്ക്ക് വിധേയനാകാമെന്നും താരം ബിസിസിഐ ഭരണസമിതിയെ അറിയിച്ചതായാണ് സൂചന.
അതേസമയം ഇന്ത്യയുടെ ഭാവി വാഗ്‌ദാനമായ ശ്രേയസിനെ പരിക്കുകളോടെ കളത്തിലേക്കിറക്കി കൂടുതൽ ഗുരുതരാവസ്ഥയിൽ എത്തിക്കാനാകില്ല എന്ന നിലപാടിലാണ് ബിസിസിഐ. അതിനാൽ തന്നെ ശ്രേയസിന്‍റെ ഈ തീരുമാനത്തിന് ബിസിസിഐ അനുമതി നൽകുമോ എന്നതാണ് പ്രധാന ചോദ്യം. താരത്തിന്‍റെ ശസ്‌ത്രക്രിയയ്ക്കായി എല്ലാ ഒരുക്കങ്ങളും ബിസിസിഐ പൂർത്തിയാക്കിയതായാണ് വിവരം.
പരിക്കിന്‍റെ പിടിയിൽ : മധ്യനിരയില്‍ ഇന്ത്യയുടെ വിശ്വസ്‌തനായ ശ്രേയസിന് ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് പരിക്കേല്‍ക്കുന്നത്. ഇതേത്തുടര്‍ന്ന് ന്യൂസിലൻഡിനെതിരായ പരമ്പര താരത്തിന് പൂര്‍ണമായും നഷ്‌ടപ്പെട്ടിരുന്നു. തുടർന്ന് ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നിന്ന് ഫിറ്റ്‌നസ് വീണ്ടെടുത്ത താരത്തെ ഓസ്‌ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ ഉൾപ്പെടുത്തുകയായിരുന്നു.
എന്നാൽ പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കാത്തതിനാൽ ശ്രേയസിനെ ആദ്യ ടെസ്റ്റിൽ കളിപ്പിച്ചിരുന്നില്ല. തുടര്‍ന്നുള്ള മൂന്ന് ടെസ്റ്റുകളിലും ശ്രേയസ് കളിക്കാനിറങ്ങിയെങ്കിലും അഹമ്മദാബാദിൽ നടന്ന നാലാം ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിന് ശേഷം താരത്തിന് വീണ്ടും നടുവേദന അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ശ്രേയസിനെ സ്‌കാനിങ്ങിന് വിധേയനാക്കുകയും പരിക്ക് ഗുരുതരമായതിനാൽ ശസ്‌ത്രക്രിയ വേണ്ടിവരുമെന്ന് ബിസിസിഐ നിർദേശിക്കുകയുമായിരുന്നു.
ആരാകും കെകെആർ നായകൻ : അതേസമയം ശ്രേയസിന്‍റെ അഭാവത്തിൽ ആരെ നായകനാക്കും എന്ന ആശങ്കയിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. എല്ലാ മത്സരത്തിലും പ്ലെയിങ് ഇലവനിൽ സ്ഥാനമുറപ്പിക്കാൻ കഴിവുള്ളൊരു താരം ടീമിൽ ഇല്ല എന്നതാണ് കൊൽക്കത്തയുടെ പ്രധാന വെല്ലുവിളി. നായകസ്ഥാനത്തേക്ക് സുനിൽ നരെയ്‌ൻ, ഷാക്കിബ് അൽ ഹസൻ, ടിം സൗത്തി എന്നീ പേരുകളാണ് കൊൽക്കത്ത പരിഗണിക്കുന്നത്. ഇന്ത്യൻ താരങ്ങളിൽ നിതീഷ് റാണയും പരിഗണനയിലുണ്ട്.
ഇതിനിടെ പേസർ ലോക്കി ഫെർഗൂസണിന് പരിക്കേറ്റെന്ന വാർത്തയും കൊൽക്കത്തയുടെ ആരാധകർക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. തുടയിലെ പേശികൾക്കേറ്റ പരിക്ക് മൂലം ഫെർഗൂസണിന് ഐപിഎല്ലിലെ ആദ്യ മത്സരങ്ങൾ നഷ്‌ടമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓക്‌ലൻഡിനായി ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുന്നതിനിടെയാണ് ലോക്കി ഫെർഗൂസണിന് തുടയിൽ പരിക്കേറ്റത്.
പരിക്കിനെത്തുടർന്ന് ശനിയാഴ്‌ച ശ്രീലങ്കയ്‌ക്കെതിരെ ആരംഭിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നിന്ന് ഫെർഗൂസണിനെ ഒഴിവാക്കിയതായി ന്യൂസിലാൻഡ് ബോളിങ് കോച്ച് ഷെയ്‌ൻ ജർഗൻസൻ അറിയിച്ചിരുന്നു. എന്നാൽ പരിക്ക് ഗുരുതരമല്ലെന്നും താരത്തിന് ഉടൻ തന്നെ കളിക്കളത്തിലേക്ക് തിരിച്ചെത്താനാകുമെന്നും ഷെയ്‌ൻ ജർഗൻസൻ വ്യക്‌തമാക്കിയിരുന്നു.