ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്‌റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് ടി20 ലോകകപ്പ് നഷ്‌ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. താരത്തിന്‍റെ പരിക്ക് ഗൗരവമേറിയതാണെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. മുതുകിനേറ്റ പരിക്കിനെ തുടര്‍ന്ന് ഇന്ത്യയുടെ ഏഷ്യ കപ്പ് ടീമില്‍ നിന്നും പുറത്തായ താരം നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ്.
2019ല്‍ അലട്ടിയതിന് സമാനമായ പരിക്കാണ് നിലവില്‍ ബുംറയെ പിടികൂടിയിരിക്കുന്നത്. ഇതില്‍ നിന്നും മോചിതനാവാന്‍ കൂടൂതല്‍ സമയം വേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. "പരിക്ക് ആശങ്കാജനകമാണ്. ലഭ്യമായ ഏറ്റവും മികച്ച ചികിത്സ താരത്തിന് ലഭ്യമാക്കും. പരിക്ക് പഴയത് തന്നെയാണ് എന്നതാണ് വലിയ ആശങ്കയ്‌ക്ക് വഴിയൊരുക്കുന്നത്.
ലോകകപ്പിന് ഇനി രണ്ട് മാസമേ ബാക്കിയുള്ളൂ, ഏറ്റവും മോശം സമയത്താണ് അവന് ഈ പരിക്ക് പറ്റിയത്. പരിക്കിന്‍റെ അവസ്ഥയെ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്. ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറാണ് അവന്‍, ഇത് ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ടതുണ്ട്", ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഈ വര്‍ഷം ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുക. പേസര്‍മാരെ അകമഴിഞ്ഞ് പിന്തുണയ്‌ക്കുന്ന ഓസ്‌ട്രേലിയയില്‍ ബുംറയ്‌ക്ക് കളിക്കാനായില്ലെങ്കില്‍ ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടിയാവുമെന്ന് ഉറപ്പ്.
വ്യത്യസ്‌തമായ ബോളിങ് ആക്ഷനാണ് ബുംറയ്‌ക്ക് തിരിച്ചടിയാവുന്നതെന്നാണ് വിദഗ്‌ധാനുമാനം. അതേസമയം കഴിഞ്ഞ വര്‍ഷം യുഎഇയിലും ഒമാനിലുമായി നടന്ന ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ ഇന്ത്യയ്‌ക്കായിരുന്നില്ല.
also read: Asia Cup 2022: ഇന്ത്യയ്‌ക്കെതിരെ സമ്മര്‍ദം വ്യത്യസ്‌തം; തുറന്ന് പറച്ചിലുമായി ബാബര്‍