ദാംബുല്ല: ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിൽ ആശ്വാസ വിജയം സ്വന്തമാക്കി ശ്രീലങ്ക. മൂന്നാം ട്വന്‍റി20 മത്സരവും ജയിച്ച് പരമ്പര ഏകപക്ഷീയമായി സ്വന്തമാക്കാൻ ഇറങ്ങിയ ഇന്ത്യൻ വനിത ടീമിനെതിരെ ഏഴ് വിക്കറ്റിനാണ് ലങ്കൻ വിജയം. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയെ 20 ഓവറിൽ 138 ൽ ഒതുക്കിയ ശേഷം 18 പന്തുകൾ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് നഷ്‌ടത്തിലാണ് മറികടന്നത്.
ക്യാപ്‌റ്റൻ ചമാരി അത്തപ്പത്തുവിന്‍റെ പ്രകടനമാണ് ലങ്കയുടെ വിജയം അനായാസമാക്കിയത്. 48 പന്തിൽ 14 ഫോറുകളും ഒരു സിക്‌സറുമടക്കം പുറത്താകാതെ 80 റൺസാണ് താരം നേടിയത്. നീലാക്ഷി ഡി സിൽവ 30 റൺസ് നേടി ചമാരിയ്‌ക്ക് മികച്ച പിന്തുണ നൽകി.
ഇന്ത്യയ്‌ക്കായി 39 റൺസ് നേടിയ ക്യാപ്‌റ്റൻ ഹര്‍മ്മന്‍പ്രീത് കൗര്‍ ആണ് ടോപ് സ്കോറര്‍. ജെമൈമ റോഡ്രിഗസ് 33 റൺസും സ്‌മൃതി മന്ഥാന, സബിനേനി മേഘന എന്നിവര്‍ 22 റൺസും നേടിയെങ്കിലും ആര്‍ക്കും തന്നെ അതിവേഗത്തിൽ സ്കോര്‍ ചെയ്യാനാകാതെ പോയതാണ് ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്.
ആദ്യ രണ്ട് മത്സരങ്ങളിലെ ജയത്തോടെ നേരത്തെ തന്നെ പരമ്പര ഇന്ത്യ നേടിയിരുന്നു. മൂന്ന് മത്സര പരമ്പര 2-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യൻ ക്യാപ്‌റ്റൻ ഹര്‍മ്മന്‍പ്രീത് കൗറാണ് പരമ്പരയിലെ താരമായി തെരെഞ്ഞെടുക്കപ്പെട്ടത്.