മുംബൈ : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ശ്രീലങ്കൻ പര്യടനം ജൂലൈ 13 മുതൽ 25 വരെ നടക്കുമെന്ന് പ്രക്ഷേപകരായ സോണി. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളാണ് പര്യടത്തിലുണ്ടാവുക. ടീമിനെ ഈ മാസം 15ന് പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജൂലൈ 13, 16, 18 തിയ്യതികളിലാണ് ഏകദിന മത്സരങ്ങൾ നടക്കുക. തുടര്‍ന്ന് 21, 23, 25 തിയ്യതികളിൽ ടി20 മത്സരങ്ങള്‍ അരങ്ങേറും.വിരാട് കോലിയടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുമായി യു.കെയിലേക്ക് പോയതിനാല്‍ യുവനിരയാകും ലങ്കയിലേത്തുക.
Also read: ഇരട്ട ഗോളുമായി ഛേത്രി ; ടീം ഇന്ത്യക്ക് തകര്‍പ്പന്‍ ജയം
പര്യടനത്തില്‍ ഇന്ത്യന്‍ സംഘത്തിന്‍റെ പരിശീലകനായി രാഹുൽ ദ്രാവിഡിനെ നേരത്തേ തന്നെ ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. നായക സ്ഥാനത്തേക്ക് ശിഖർ ധവാനാണ് കൂടുതല്‍ സാധ്യത. ശ്രേയസ് അയ്യർ, ഹർദിക് പാണ്ഡ്യ എന്നിവരുടേയും പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
അതേസമയം ജൂൺ 18 മുതലാണ് സതാംപ്‌ടണിൽ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫെെനല്‍ നടക്കുക. ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ എതിരാളി. തുടര്‍ന്ന് ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര തുടങ്ങുക.