ട്രിനിഡാഡ് : വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ടീം ഇന്ത്യ 200 റൺസിന് കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ ക്യാപ്റ്റൻ രോഹിത് ശർമയെയും വിരാട് കോലിയെയും ബെഞ്ചിലിരുത്തിയാണ് സന്ദര്‍ശകര്‍ കളിക്കാന്‍ ഇറങ്ങിയത്. രണ്ടാം ഏകദിനത്തില്‍ പാളിയ പരീക്ഷണം വീണ്ടും ആവര്‍ത്തിച്ച മാനേജ്‌മെന്‍റിന്‍റെ തീരുമാനത്തില്‍ ആരാധകര്‍ക്ക് ആശങ്കയുണ്ടായിരുന്നുവെങ്കിലും പകരക്കാരന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും (Hardik pandya ) കൂട്ടരും പ്രതീക്ഷ കാത്തു.
ഇഷാൻ കിഷനും (64 പന്തുകളില്‍ 77) ശുഭ്‌മാൻ ഗില്ലും (92 പന്തുകളില്‍ 85) ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്‌ക്ക് നല്‍കിയത്. തുടര്‍ന്നെത്തിയ സഞ്‌ജു സാംസണും (41പന്തുകളില്‍ 51), ഹാര്‍ദിക് പാണ്ഡ്യയും (52 പന്തുകളില്‍ 70*) അര്‍ധ സെഞ്ച്വറി നേടിയതോടെ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 351 എന്ന കൂറ്റന്‍ സ്‌കോറാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്.
ഒരു കളിക്കാരനും സെഞ്ചുറി തികയ്ക്കാതെ ടീം ഇന്ത്യ ഏകദിനത്തില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കയ്‌ക്ക് എതിരെ സ്ഥാപിച്ച റെക്കോഡാണ് ഈ പ്രകടനം പഴങ്കഥയാക്കിയത്. 2005-ൽ നാഗ്‌പൂരില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 350 റണ്‍സായിരുന്നു അന്ന് ഇന്ത്യ നേടിയത്.
2004-ല്‍ പാകിസ്ഥാനെതിരെ കറാച്ചിയില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ നേടിയ 349 റണ്‍സ്, 2004-ല്‍ ബംഗ്ലാദേശിനെതിരെ ധാക്കയില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ കണ്ടെത്തിയ 348 റണ്‍സ് എന്നിവയാണ് പിന്നിലുള്ള പ്രകടനങ്ങള്‍.
അതേസമയം മത്സരത്തില്‍ മറുപടിക്ക് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 35.3 ഓവറില്‍ 151 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. വമ്പന്‍ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആതിഥേയര്‍ക്ക് ഒരു ഘട്ടത്തില്‍ പോലും ഇന്ത്യയ്‌ക്ക് വെല്ലുവിളിയാവാന്‍ കഴിഞ്ഞില്ല. നാല് വിക്കറ്റ് വീഴ്‌ത്തിയ ശാർദുൽ താക്കൂറും മൂന്ന് വിക്കറ്റ് നേടിയ മുകേഷ് കുമാറും ചേർന്നാണ് വിന്‍ഡീസിനെ എറിഞ്ഞൊതുക്കിയത്.
34 പന്തില്‍ 39 റണ്‍സുമായി പുറത്താവാതെ നിന്ന ഗുഡകേഷ് മോട്ടിയാണ് വിന്‍ഡീസിന്‍റ ടോപ് സ്‌കോറര്‍. അലിക്ക് അത്നാസെ (50 പന്തുകളില്‍ 32), യാനിക് കറിയ (33 പന്തുകളില്‍ 19), അല്‍സാരി ജോസഫ് (39 പന്തുകളില്‍ 36) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് വിന്‍ഡീസ് താരങ്ങള്‍. ഇന്ത്യയ്‌ക്കായി കുല്‍ദീപ് യാദവ് രണ്ടും ജയ്‌ദേവ് ഉനദ്‌ഘട്ട് ഒന്നും വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു.
വിജയത്തോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ആദ്യ എകദിനത്തില്‍ സന്ദര്‍ശകര്‍ അഞ്ച് വിക്കറ്റിന് വിജയിച്ചപ്പോള്‍ രണ്ടാം മത്സരം ആറ് വിക്കറ്റിന് പിടിച്ച് ആതിഥേയര്‍ ഒപ്പമെത്തിയിരുന്നു. ഇതോടെയാണ് മൂന്നാം ഏകദിനത്തിലെ വിജയം പരമ്പര വിജയികളെ തീരുമാനിച്ചത്. ഇതിന് മുന്നെ നടന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 141 റണ്‍സിനും വിജയിച്ചപ്പോള്‍ മഴ കളിച്ച രണ്ടാം മത്സരത്തില്‍ വിന്‍ഡീസ് തോല്‍വി വഴങ്ങാതെ സമനിലയും നേടി രക്ഷപ്പെട്ടു.