എഡ്‌ജ്‌ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിനിറങ്ങുമ്പോള്‍ ഇന്ത്യയെ കാത്തിരിക്കുന്നത് പുതുചരിത്രം തീര്‍ക്കാനുള്ള അവസരം. ഇംഗ്ലണ്ടിൽ 1932ല്‍ ടെസ്റ്റ് പര്യടനം ആരംഭിച്ച ഇന്ത്യയ്‌ക്ക് ഇതുവരെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര ജയിക്കാനായിട്ടില്ല. ഇതോടെ പുതിയ നായകന്‍ ജസ്പ്രീത് ബുംറയ്‌ക്കും സംഘത്തിനും 90 വര്‍ഷത്തെ ചരിത്രം തിരുത്താനാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇതിന് മുൻപ് മൂന്ന് തവണയാണ് അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യ ഇംഗ്ലണ്ടില്‍ കളിച്ചത്. 1959, 2014, 2018 വര്‍ഷങ്ങളിലായിരുന്നു അത്. 1959ല്‍ അഞ്ച് ടെസ്റ്റുകളിലും ഇന്ത്യ തോല്‍വി വഴങ്ങി. 2014ലും, 2018ലും 3-1നും കീഴടങ്ങി.
കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് ടെസ്റ്റ് പരമ്പരയില്‍ കൊവിഡ് മൂലം മാറ്റിവച്ച അവസാന മത്സരത്തിനാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. നിലവില്‍ 2-1ന് ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്. ഇതോടെ എഡ്‌ജ്‌ബാസ്റ്റണലില്‍ സമനിലയില്‍ പിടിച്ചാല്‍ പോലും ഇന്ത്യയ്‌ക്ക് പുതുചരിത്രം കുറിക്കാം.
ആദ്യ നാല് മത്സരങ്ങളില്‍ ട്രെന്‍ഡ്ബ്രിഡ്‌ജിലെ ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 151 റണ്‍സിന് ജയിച്ചു. മൂന്നാം ടെസ്റ്റ് 76 റണ്‍സിന് ഇംഗ്ലണ്ട് സ്വന്തമാക്കി. തുടര്‍ന്ന് ഓവലില്‍ നടന്ന നാലാം ടെസ്റ്റില്‍ 157 റണ്‍സിന് ജയിച്ചാണ് ഇന്ത്യ മുന്നിലെത്തിയത്.
എഡ്‌ജ്‌ബാസ്റ്റണിൽ ഉച്ചകഴിഞ്ഞ് മൂന്നിനാണ് മത്സരം തുടങ്ങുക. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമിന് പുറത്തായത്. 35 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിക്കുന്ന പേസ് ബോളർ എന്ന നേട്ടവുമായാണ് ബുംറ മത്സരത്തിനിറങ്ങുക. ഇന്ത്യയെ ടെസ്റ്റില്‍ നയിക്കുന്ന 36-ാം നായകനാണ് ബുംറ.