മുംബൈ: ലോകത്ത് ഏതൊരു ടീമും ആഗ്രഹിക്കുന്ന ഒരു ബൗളിങ് യൂണിറ്റാണ് ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ടീം ഇന്ത്യയുടേതെന്ന് ശ്രീലങ്കന്‍ പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് (Chris Silverwood Praised Indian Bowling Unit). ലോകകപ്പ് പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ഇന്ത്യ ഏഴാമതുള്ള ശ്രീലങ്കയെ നേരിടാനിരിക്കെയാണ് ഇന്ത്യന്‍ ബൗളര്‍മാരെ പ്രശംസിച്ച് ലങ്കൻ പരിശീലകന്‍ രംഗത്തെത്തിയത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ന് (നവംബര്‍ 2) ഉച്ചയ്‌ക്ക് രണ്ടിനാണ് ഇന്ത്യ ശ്രീലങ്ക മത്സരം നടക്കുന്നത്.
ഈ ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യന്‍ ബൗളിങ് യൂണിറ്റ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ പേസ് നിര ഇതുവരെ ആറ് മത്സരങ്ങളില്‍ നിന്നും 36 വിക്കറ്റാണ് നേടിയത്. ജസ്‌പ്രീത് ബുംറ (14), മുഹമ്മദ് ഷമി (9), മുഹമ്മദ് സിറാജ് (6) എന്നിവരാണ് പേസര്‍മാരില്‍ വിക്കറ്റ് വേട്ടയില്‍ മുന്നില്‍.
കുല്‍ദീപ് രവീന്ദ്ര ജഡേജ സഖ്യവും എതിരാളികളെ കറക്കി വീഴ്‌ത്താന്‍ കേമന്‍മാരാണ്. ആറ് മത്സരത്തില്‍ നിന്നും കുല്‍ദീപ് യാദവ് 10 വിക്കറ്റ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ എട്ട് വിക്കറ്റാണ് സ്വന്തമാക്കിയത്.
'വളരെ കരുത്തുറ്റ ഒരു ബൗളിങ് യൂണിറ്റാണ് ഇന്ത്യയുടേത്. ലോകത്തിലെ ഏതൊരു ടീമും ഇതുപോലൊരു ബൗളിങ് നിരയെ ആഹ്രഹിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച വെല്ലുവിളിയാണ് ഇന്ത്യയ്‌ക്കെതിരായ മത്സരം.
ഇങ്ങനെയൊരു അവസരത്തില്‍ അവര്‍ക്കെതിരെ ശക്തമായ പോരാട്ടം കാഴ്‌ചവെക്കാന്‍ തന്നെയാകും ഞങ്ങളുടെ ശ്രമം. ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യയോടേറ്റുവാങ്ങിയ തോല്‍വി ടീമിലെ ഓരോ താരങ്ങളുടെയും പോരാട്ടവീര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ആ മത്സരത്തിന്‍റെ ഓര്‍മ ഉള്ളതുകൊണ്ട് തന്നെ താരങ്ങള്‍ ജയത്തിനായി ഒറ്റക്കെട്ടായി തന്നെ പോരടിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
ശക്തരായ എതിരാളികളെയാണ് നേരിടാനുള്ളത്. ടൂര്‍ണമെന്‍റില്‍ അവരുടെ പോരാട്ടങ്ങള്‍ ഞങ്ങള്‍ കണ്ടിട്ടുള്ളതാണ്. ഞങ്ങളുടെ ആണ്‍കുട്ടികള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് കാണിക്കാന്‍ പറ്റിയ അവസരമാണിത്'- ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോള്‍ ശ്രീലങ്കന്‍ പരിശീലകന്‍ അഭിപ്രായപ്പെട്ടു.
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ ഏഴാം ജയം ലക്ഷ്യമിട്ടാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇന്ന് ഇറങ്ങുന്നത്. വാങ്കഡെയില്‍ നടക്കുന്ന മത്സരത്തില്‍ ജയം നേടാന്‍ സാധിച്ചാല്‍ ലോകകപ്പ് സെമിയില്‍ എത്തുന്ന ആദ്യ ടീമായി ഇന്ത്യയ്‌ക്ക് മാറാം. അതേസമയം, സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ശ്രീലങ്കയ്‌ക്ക് ജയം അനിവാര്യമാണ്.