ന്യൂഡല്‍ഹി : ഇന്‍ഡോറില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ തരിപ്പണമാക്കി ടീം ഇന്ത്യ. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍, 90 റണ്‍സിനാണ് ഇന്ത്യയുടെ വിജയം.ആദ്യം ബാറ്റ് ചെയ്‌ത ടീം ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്‌ടത്തില്‍ 385 റണ്‍സ് നേടി. എന്നാല്‍ ന്യൂസിലന്‍ഡ് 41.2 ഓവറില്‍ 295 റണ്‍സിന് ഓള്‍ ഔട്ടായി.
സെഞ്ച്വറി നേടിയ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലുമാണ് ഇന്ത്യയുടെ വിജയത്തില്‍ നെടുംതൂണുകളായത്. അര്‍ധ സെഞ്ച്വറിയുമായി ഹാര്‍ദിക് പാണ്ഡ്യയും തിളങ്ങി. സെഞ്ച്വറി നേടിയ ഡെവോണ്‍ കോണ്‍വെയ്‌ക്ക് മാത്രമാണ് ന്യൂസിലന്‍ഡിനായി പിടിച്ചുനില്‍ക്കാനായത്.
ആക്രമണകാരിയായി ഗില്‍ : ഗംഭീര തുടക്കമാണ് ഇന്ത്യയ്‌ക്ക് ഓപ്പണര്‍മാരായ രോഹിത്തും ഗില്ലും നല്‍കിയത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇരുവരും ചേര്‍ന്ന് 13ാം ഓവറില്‍ ഇന്ത്യയെ 100 കടത്തി. ഗില്ലായിരുന്നു കൂടുതല്‍ ആക്രമണകാരി. 12ാം ഓവറില്‍ തന്നെ താരം അര്‍ധ സെഞ്ച്വറി പിന്നിട്ടിരുന്നു. തുടര്‍ന്ന് 14ാം ഓവറില്‍ രോഹിത്തും അര്‍ധ സെഞ്ച്വറി കടന്നു. ഇതിന് പിന്നാലെ ടോപ് ഗിയറിലായ ഇരുവരും അനായാസം റണ്‍സ് കണ്ടെത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. ടീം സ്‌കോര്‍ 18ാം ഓവറില്‍ 150ഉം 25ാം ഓവര്‍ പിന്നിടും മുന്‍പ് 200ഉം കടന്നു.
27ാം ഓവറിലെ ആദ്യ പന്തില്‍ രോഹിത്തിനെ പുറത്താക്കി മൈക്കൽ ബ്രേസ്‌വെല്ലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 85 പന്തില്‍ ഒന്‍പത് ഫോറും ആറ് സിക്‌സും സഹിതം 101 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. രോഹിത്തിന്‍റെ കരിയറിലെ 30ാം ഏകദിന സെഞ്ച്വറിയാണിത്. ഒന്നാം വിക്കറ്റില്‍ ഗില്ലിനൊപ്പം 212 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉയര്‍ത്തിയത്. തൊട്ടടുത്ത ഓവറിലെ അവസാന പന്തില്‍ ഗില്ലും തിരിച്ചുകയറി. ബ്ലെയർ ടിക്‌നറെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തിനിടെ കോണ്‍വേയാണ് താരത്തെ പിടികൂടിയത്. 78 പന്തില്‍ 13 ഫോറും അഞ്ച് സിക്‌സും സഹിതം 112 റണ്‍സെടുത്തായിരുന്നു ഗില്ലിന്‍റെ മടക്കം.